< Back
India
വിദേശ വിദ്യാർഥികൾക്കായി ഇന്ത്യയിൽ ഇ-സ്റ്റുഡന്റ് വിസയും ആശ്രിതർക്ക് ഇ-സ്റ്റുഡന്റ് എക്സ് വിസയും
India

വിദേശ വിദ്യാർഥികൾക്കായി ഇന്ത്യയിൽ ഇ-സ്റ്റുഡന്റ് വിസയും ആശ്രിതർക്ക് ഇ-സ്റ്റുഡന്റ് എക്സ് വിസയും

Web Desk
|
5 Jan 2025 5:11 PM IST

കോഴ്‌സിൻ്റെ കാലാവധി അനുസരിച്ച് അഞ്ച് വർഷം വരെയാണ് സ്റ്റുഡൻ്റ് വിസകൾ നൽകുന്നത്

ന്യൂഡൽഹി: രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്കായി രണ്ട് പ്രത്യേക വിസ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘ഇ-സ്റ്റുഡൻ്റ് വിസ, ഇ-സ്റ്റുഡൻ്റ്-എക്സ് വിസ' എന്നീ വിസകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. കോഴ്‌സിൻ്റെ കാലാവധി അനുസരിച്ച് അഞ്ചു വർഷം വരെയാണ് സ്റ്റുഡൻ്റ് വിസകൾ നൽകുന്നത്. വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനത്തിന് അപേക്ഷിക്കാനും പഠിക്കാനുമുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

ഇ-സ്റ്റുഡന്റ്, ഇ-സ്റ്റുഡന്റ് എക്സ് വിസകൾക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾ ആദ്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള 'സ്റ്റഡി ഇൻ ഇന്ത്യ (എസ്ഐഐ) എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് യോഗ്യരായ വിദ്യാർഥികൾക്ക് ഇ-സ്റ്റുഡൻ്റ് വിസ ലഭ്യമാകും. ഇ-സ്റ്റുഡൻ്റ് വിസ കൈവശമുള്ളവരുടെ ആശ്രിതർക്ക് ഇ-സ്റ്റുഡൻ്റ്-എക്സ് വിസയും ലഭിക്കും.

വിദ്യാർഥികൾ https://indianvisaonline.gov.in/ എന്ന പോർട്ടലിൽ വിസക്കായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ അപേക്ഷയുടെ ആധികാരികത എസ്ഐഐ ഐഡി ഉപയോഗിച്ച് പരിശോധിക്കും.

ഏതെങ്കിലും എസ്ഐഐ പങ്കാളിത്ത സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചാൽ വിദ്യാർഥികൾക്ക് വിസക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ പഠിക്കാൻ പ്രവേശനം നേടുകയും റഗുലർ, ഫുൾ ടൈം സ്കീമിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, മറ്റ് പ്രോഗ്രാമുകൾ എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഇ-സ്റ്റുഡന്റ് വിസ അനുവദിക്കും.

Similar Posts