
AI generated image
ഭർത്താവിന് കഷണ്ടിയാണെന്നറിഞ്ഞത് വിവാഹ ശേഷം, പരാതി പറഞ്ഞപ്പോൾ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; കേസെടുത്ത് പൊലീസ്
|വിദേശ യാത്രയ്ക്കിടെ ഭർത്താവ് തന്നെ ആക്രമിച്ചുവെന്നും തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതി പറയുന്നു
ന്യൂഡല്‍ഹി: കഷണ്ടിയുള്ള കാര്യം മറച്ച് വെച്ച് വിവാഹം ചെയ്തെന്ന പരാതിയുമായി യുവതി രംഗത്ത്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.വിവാഹത്തിന് മുന്‍പ് തനിക്ക് കട്ടിയുള്ള മുടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്നും വിവാഹത്തിന് പോലും വിഗ്ഗ് ധരിച്ചാണ് എത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
വിവാഹിതരാകുന്നതിന് മുമ്പ് ഭര്‍ത്താവ് നല്‍കിയ വിവരങ്ങളില്‍ പൂര്‍ണമായും പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും യുവതി പൊലീസില്‍ പരാതിയില്‍ പറയുന്നു. പെണ്ണുകാണലിനും വിവാഹത്തിനും ഇയാള്‍ വിഗ്ഗ് ധരിച്ചെത്തിയിരുന്നു.തനിക്ക് കട്ടിയുള്ള മുടിയാണെന്നും ചെറിയ മുടികൊഴിച്ചില്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞു.എന്നാല്‍ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഇയാള്‍ വിഗ്ഗ് ഊരിമാറ്റിയപ്പോഴാണ് ഭര്‍ത്താവിന് കഷണ്ടിയുള്ള കാര്യം താന്‍ മനസിലാക്കുന്നത്.
ഭർത്താവ് തന്റെ യഥാർത്ഥ വരുമാനവും വിദ്യാഭ്യാസ പശ്ചാത്തലവും മറച്ചുവെച്ചതായും യുവതി ആരോപിച്ചു. വിവാഹശേഷം ഭര്‍ത്താവ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
വിദേശ യാത്രയ്ക്കിടെ ഭർത്താവ് തന്നെ ആക്രമിച്ചുവെന്നും തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ് കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തി എന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിനും ഭർതൃവീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ശാരീരികമായി പീഡിപ്പിക്കല്‍,മനഃപൂർവമായ അപമാനം,ഭീഷണിപ്പെടുത്തൽ,വിശ്വാസ വഞ്ചന,സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ബിസ്രാഖ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മനോജ് കുമാർ സിംഗ് പറഞ്ഞു.