
'അമിത് ഷാ മാപ്പ് പറയണം'; അഭിഭാഷകരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് ഗുജറാത്ത് ബാർ കൗൺസിൽ അംഗം
|പുതുതായി എൻറോൾ ചെയ്‌ത അഭിഭാഷകരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമിത് ഷായാണ് മുഖ്യാതിഥിയായി എത്തുന്നത്
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്‌കർ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭിഭാഷകരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് അഹമ്മദാബാദിൽ നിന്നുള്ള ബാർ കൗൺസിൽ ഓഫ് ഗുജറാത്ത് (ബിസിജി) അംഗം പരേഷ് വഗേല രംഗത്തെത്തി. ബിസിജിയുടെ സ്റ്റേറ്റ് റോളിൽ പുതുതായി എൻറോൾ ചെയ്‌ത അഭിഭാഷകരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമിത് ഷായാണ് മുഖ്യാതിഥിയായി എത്തുന്നത്.
അംബേദ്‌കറെ അധിക്ഷേപിച്ചതിന് അമിത് ഷാ മാപ്പ് പറഞ്ഞില്ലെങ്കിൽ താൻ പരിപാടി ബഹിഷ്‌കരിക്കുമെന്ന് പരേഷ് വഗേല പ്രഖ്യാപിച്ചു. ഡിസംബർ 30ന് അഹമ്മദാബാദിലെ സയൻസ് സിറ്റിയിലെ വിഗ്യാൻ ഭവനിലാണ് പരിപാടി. പുതുതായി എൻറോൾ ചെയ്‌ത 6,000 അഭിഭാഷകരാണ് ഈ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുക.
ഭരണഘടനക്ക് രൂപംനൽകിയ വ്യക്തിയെ അപമാനിച്ചു, മൂന്ന് ദിവസമായിട്ടും മാപ്പ് പറഞ്ഞില്ല.. പിന്നെ എന്തിനാണ് അങ്ങനെയൊരു വ്യക്തി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ താൻ പങ്കെടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു പരേഷ് വഗേല ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്‌തത്.
എന്നാൽ, രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചടങ്ങിൽ രാഷ്ട്രീയം കലർത്താൻ പരേഷ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിസിജി ചെയർമാൻ ജെ ജെ പട്ടേൽ രംഗത്തെത്തി. പരേഷ് വഗേല ശുദ്ധ കോൺഗ്രസുകാരനാണ്. കോൺഗ്രസ് ലീഗൽ സെല്ലിൻ്റെ ഭാരവാഹിയാണ് അദ്ദേഹം. രാഷ്ട്രീയ പക്ഷത്ത് അദ്ദേഹത്തിന് എന്ത് പ്രതിഷേധം വേണമെങ്കിലും ചെയ്യാം. പക്ഷേ അത് ബിസിജിയുടെ വേദിയിൽ അത് ചെയ്യാൻ പാടില്ലെന്ന് പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ എല്ലാ അഭിഭാഷകരുടെയും പാരൻ്റ് ബോഡിയാണ് ബിസിജി. അവരുടെ അഭിപ്രായ പ്രകാരമാണ് ചടങ്ങിൽ മുഖ്യാതിഥിയായി അമിത് ഷായെ കൊണ്ടുവരുന്നത്. ഇത് ഗുജറാത്തിലെ അഭിഭാഷകരുടെ പരിപാടിയാണ്. ബിസിജി ഒരു രാഷ്ട്രീയേതര നിയമപരമായ സ്ഥാപനമാണ്. അമിത് ഭായി ഗുജറാത്തിലെ എല്ലാ അഭിഭാഷകരുടെയും അതിഥിയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
ഒരു ദലിതനും അംബേദ്‌കറൈറ്റും എന്ന നിലയിലാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നായിരുന്നു പരേഷ് വഗേല പട്ടേലിന് നൽകിയ മറുപടി.ഈ ബഹിഷ്‌കരണത്തിന് കോൺഗ്രസുമായി ബന്ധമില്ല. തന്റെ വികാരം വ്രണപ്പെട്ടതിനാലാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്നും പട്ടേൽ പ്രതികരിച്ചു.
അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമെന്നായിരുന്നു ഭരണഘടനാ ചർച്ചക്കിടെ രാജ്യസഭയിൽ അമിത് ഷാ പറഞ്ഞത്. അംബേദ്‌കറിന്റെ പേര് ഉച്ചരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് കഴിഞ്ഞദിവസം പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അംബേദ്കർ പ്രതിമക്ക് മുന്നിൽ നീല വസ്ത്രം ധരിച്ചായിരുന്നു ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധം.