< Back
India
കെട്ടിടം തുളച്ചുകയറിയ എയര്‍ ഇന്ത്യ, പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വിമാനാപകടം; ചര്‍ച്ചയായി പരസ്യം
India

'കെട്ടിടം തുളച്ചുകയറിയ എയര്‍ ഇന്ത്യ', പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വിമാനാപകടം; ചര്‍ച്ചയായി പരസ്യം

Web Desk
|
13 Jun 2025 1:10 PM IST

ഗുജറാത്തിലെ പ്രശസ്തമായ 'മിഡ് ഡേ' എന്ന പത്രത്തിലെ പരസ്യമാണിത്

അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഹൃദയഭേദകമായ ഒരുപാട് നിമിഷങ്ങള്‍ക്കാണ് വ്യാഴാഴ്ച ഉച്ചമുതല്‍ രാജ്യം സാക്ഷ്യം വഹിച്ചത്. ഈ ഘടത്തിലാണ് അസാധാരണമായ ഒരു പത്രപരസ്യം ശ്രദ്ധയാകുന്നത്. ഗുജറാത്തിലെ പ്രശസ്തമായ 'മിഡ് ഡേ' എന്ന പത്രത്തിലെ പരസ്യമാണിത്. എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ തകരുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഈ പത്രം പ്രസിദ്ധീകരിച്ചത്.

പരസ്യം ഇങ്ങനെയാണ്, എയര്‍ ഇന്ത്യ വിമാനം ഒരു കെട്ടിടത്തിന് ഉള്ളിലൂടെ തുളച്ചുപുറത്തേക്ക് വരുന്നു. വിമാനാപകടത്തില്‍ എയര്‍ ഇന്ത്യ വിമാനം ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റലിലേക്ക് തകര്‍ന്നു വീണ് പെട്ടെന്നാണ് സ്‌ഫോടനത്തോടെ വിമാനം കത്തിയത്. കെട്ടിടത്തിലേക്ക് തുളച്ചുകയറിയ എയര്‍ ഇന്ത്യയുടെ ദൃശ്യങ്ങളോട് സാമ്യം തോന്നുന്ന പരസ്യമാണിത്. കെട്ടിടം തുളച്ച് പുറത്തേക്ക് വരുന്ന രീതിയിലാണ് പരസ്യത്തില്‍ എയര്‍ ഇന്ത്യയുള്ളത്. അപകടത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ പരസ്യം ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ്.

കുടുംബ വിനോദ പഠനകേന്ദ്രമായ കിഡ്‌സാനിയ എന്ന സ്ഥാപനത്തിന്റെ പരസ്യമാണിത്. 'മിഡ് ഡേ' പത്രത്തിന്റെ പ്രധാന പേജില്‍ ആകര്‍ഷകമായ രീതിയിലാണ് പരസ്യം. എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ വ്യക്തവും തെറ്റില്ലാത്തതുമായ രീതിയിലാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഡ്‌സാനിയയില്‍ ഏവിയേഷന്‍ അനുഭവം വിദ്യാര്‍ഥികള്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നാണ് പരസ്യത്തിലൂടെ സ്ഥാപനം ഉദ്ദേശിച്ചത്. അവിടെ കുട്ടികള്‍ക്ക് പൈലറ്റിന്റെയും ക്യാബിന്‍ ക്രൂവിന്റെയും റോളായിരിക്കുമെന്നും കമ്പനി പരസ്യത്തിലൂടെ വ്യക്തമാക്കുന്നു. ഇന്നും നാളെയുമായി നടത്താനിരുന്ന കിഡ്‌സാനിയയുടെ ഫാദേഴ്‌സ് ഡേ പരിപാടിക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പരസ്യം മാത്രമാണിത്. ഇതൊരു സാങ്കല്‍പിക പരസ്യമാണ്. വളരെ രസകരവും സാങ്കല്‍പ്പികവുമായ ഒരു സാധാരണ പരസ്യം. എന്നാല്‍ അപകടത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ചിത്രം യാദൃശ്ചികമായി സംഭവിച്ചു എന്ന കൗതുകവും വേദനയും മാത്രമാണ് ആളുകള്‍ പങ്കുവെക്കുന്നത്.

Similar Posts