< Back
India
ജീവപര്യന്തം തടവ് ശിക്ഷ ചോദ്യം ചെയ്തുള്ള സഞ്ജീവ് ഭട്ടിന്റെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി
India

ജീവപര്യന്തം തടവ് ശിക്ഷ ചോദ്യം ചെയ്തുള്ള സഞ്ജീവ് ഭട്ടിന്റെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

Web Desk
|
9 Jan 2024 9:26 PM IST

ജാംനഗറിലെ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്

അഹമ്മദാബാദ്: കസ്റ്റഡിയിൽ പീഡനത്തിന് ഇരയായ ആളുടെ മരണവുമായി ബന്ധ​പ്പെട്ട കേസിൽ ജാംനഗർ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ട് സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.

1990 നവംബറിൽ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാൾ പൊലീസ് കസ്റ്റഡിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് ശിക്ഷി​ക്കപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് കോടതി തള്ളിയത്.

വൈഷ്ണാനി മരിക്കു​മ്പോൾ ജാംനഗറിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് പദവിയിലായിരുന്നു സഞ്ജീവ് ഭട്ട്. ഭാരത ബന്ദുമായി ബന്ധപ്പെട്ടെടുത്ത കലാപക്കേസിൽ വൈഷ്ണാനിയടക്കം 133 പേരെ കസ്റ്റഡിയിലെടു​ത്തിരുന്നു.

ഒമ്പത് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യത്തിലിറങ്ങിയ വൈഷ്ണനി പത്ത് ദിവസത്തിന് ശേഷം മരിച്ചു. വൃക്കക്കുണ്ടായ തകരാറാണ് മരണകാരണമെന്ന് മെഡിക്കൽ രേഖകൾ പറയുന്നു.എന്നാൽ കസ്റ്റഡിയിലുണ്ടായ പീഡനമാണ് മരണകാരണമെന്ന് ആരോപണമുയരുകയും സഞ്ജീവ് ഭട്ടുൾപ്പടെയുള്ള പൊലീസുകാർക്കെതിരെ കേസ് എടുത്തെങ്കിലും ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2011 ൽ ഹൈകോടതി സ്റ്റേ നീക്കി.

2019 ജൂണിൽ ജാംനഗര്‍ ജില്ലയിലെ സെഷന്‍സ് കോടതി കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം സഞ്ജീവ് ഭട്ടിനെയും ഒരു പോലിസ് കോണ്‍സ്റ്റബിളിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നാണ് ശിക്ഷയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് സന്ദീപ് എൻ. ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്, ജാംനഗർ കോടതി വിധി ശരിവെക്കുകയും വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു.

Related Tags :
Similar Posts