< Back
India
gujarat hc rahul gandhi appeal against verdict on modi statement

രാഹുല്‍ ഗാന്ധി

India

'മാപ്പ് പറയാൻ സവർക്കറല്ലെന്ന രാഹുലിന്റെ പ്രതികരണം കുറ്റബോധമില്ലെന്നതിന്‍റെ തെളിവ്': പൂർണേഷ് മോദിയുടെ അഭിഭാഷകൻ

Web Desk
|
2 May 2023 4:23 PM IST

പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സവര്‍ക്കര്‍ പരാമര്‍ശം കോടതിയില്‍ ഉന്നയിച്ചു.

ഗാന്ധിനഗര്‍: അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലിൽ വിചാരണ നടപടികളുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ സമർപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. അതേസമയം രാഹുലിനെതിരെ പരാതി നല്‍കിയ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സവര്‍ക്കര്‍ പരാമര്‍ശം കോടതിയില്‍ ഉന്നയിച്ചു.

മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന രാഹുലിന്റെ പ്രതികരണം കുറ്റബോധമില്ലെന്നതിന്റെ തെളിവാണെന്ന് പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചു. ആജീവനാന്തം അയോഗ്യനാക്കപ്പെട്ടാലും മാപ്പ് പറയില്ലെന്നാണ് രാഹുൽ പറയുന്നത്. പിന്നെ കോടതിയിൽ വന്ന് അയോഗ്യത ഒഴിവാക്കാൻ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്നും പൂർണേഷ് മോദിയുടെ അഭിഭാഷകൻ ചോദിച്ചു.

ജനപ്രതിനിധികൾ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താനെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് രാഹുലിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസ്സമില്ലെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കുമെന്ന് കോടതി അറിയിച്ചു.

2019ല്‍ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും.

Similar Posts