< Back
India
ബിപിന്‍ റാവത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം, ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍
India

ബിപിന്‍ റാവത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം, ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

ijas
|
10 Dec 2021 3:55 PM IST

അറസ്റ്റിലായ പ്രതിക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നതായും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണെന്നും പൊലീസ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ഒരാളെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ശിവഭായ് റാം എന്ന നാല്‍പ്പത്തിനാലുകാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ അറസ്റ്റു ചെയ്തത്. അംറേലി ജില്ലയിലെ ബൈറായ് ഗ്രാമത്തിലാണ് പ്രതിയായ ശിവഭായ് റാം താമസിക്കുന്നത്.

അറസ്റ്റിലായ ആളുടെ മുന്‍ പോസ്റ്റുകളും അപകീര്‍ത്തി ടോണിലായിരുന്നെന്നും പുതിയ പരാമര്‍ശത്തോടെയാണ് ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ബിപിന്‍ റാവത്തിനെതിരായ പരാമർശങ്ങള്‍ പരിശോധിച്ചുവരുന്നതിനാല്‍ സാമൂഹിക മാധ്യമ പോസ്റ്റിന്‍റെ ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമം (153എ), മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ (295-എ) എന്നിവ പ്രകാരമാണ് ശിവഭായ് റാമിനെ അറസ്റ്റുചെയ്തതെന്ന് അഹമ്മദാബാദ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ജിതേന്ദ്ര യാദവ് അറിയിച്ചു.

അതെ സമയം അറസ്റ്റിലായ ശിവഭായ് റാമിന് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നതായും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts