
'വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം വേണ്ട'; വിവാഹപരിശോധന കർശനമാക്കാനൊരുങ്ങി ഗുജറാത്ത്, ലവ് ജിഹാദ് തടയാനെന്ന് വാദം
|ലവ് ജിഹാദ് തടയാനും യുവതികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം
ഗാന്ധിനഗര്‍: പ്രണയബന്ധങ്ങളിലൂടെയും ഒളിച്ചോട്ടങ്ങളിലൂടെയുമുള്ള വിവാഹബന്ധങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാനൊരുങ്ങി ഗുജറാത്ത്. നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള കരട് നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. വിവാഹവിവരം വാട്സ്ആപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ മാതാപിതാക്കളെ അറിയിക്കും. രജിസ്‌ട്രേഷന് മുന്‍പ് 30 ദിവസം നിര്‍ഹബന്ധിത കാത്തിരിപ്പുണ്ടാകും. ലവ് ജിഹാദ് തടയാനും യുവതികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്കെതിരല്ലെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു. യുവതികളുടെ അന്തസും സനാതന ധര്‍മത്തിന്‍റെ സംരക്ഷണത്തിനുമായാണ് ഭേദഗതി ചെയ്യാനുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം ഉറപ്പുവരുത്താനും വിവാഹവിവരം വാട്‌സാപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടലിലൂടെയോ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറുടെ സ്ഥിരീകരണത്തിന് ശേഷം പത്ത് പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയക്കുന്നതിനായുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
നിര്‍ദിഷ്ട ഭേദഗതിയുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി 30 ദിവസം സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെയും സര്‍ക്കാര്‍ രൂപീകരിക്കും.
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അടുത്തിടെ നിരന്തരം പരാതികളുയർന്നതിനെ തുടർന്നാണ് സർക്കാർ നീക്കമെന്ന് സംഘ്‌വി വ്യക്തമാക്കി.
'ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി വിവിധ സാമൂഹ്യസംഘടനകളുമായി കഴിഞ്ഞ മൂന്ന് മാസത്തില്‍ മുപ്പതിലേറെ കൂടിക്കാഴ്ചകളാണ് നടത്തിയത്. നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്തു. ലവ് ജിഹാദിന്റെ പേരില്‍ സംസ്ഥാനത്ത് ശരിയല്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത് തടയും.' സംഘ്‌വി പറഞ്ഞു. ആരെങ്കിലും സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സംസ്ഥാനത്തെ ഏതെങ്കിലും പെണ്‍മക്കളെ തട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ പിന്നീടൊരിക്കലും ഒരു പെണ്‍കുട്ടിയെ നോക്കാന്‍ ധൈര്യപ്പെടാത്ത നിലയില്‍ സര്‍ക്കാര്‍ അവനെ കൈകാര്യം ചെയ്യുമെന്നും പ്രണയത്തോട് എതിര്‍പ്പില്ലെങ്കിലും വഞ്ചനയിലൂടെയും ബലപ്രയോഗത്തിലൂടെയുമുള്ള വിവാഹങ്ങള്‍ക്ക് തടയിടുമെന്നും സംഘ്‌വി കൂട്ടിച്ചേര്‍ത്തു.