< Back
India
ഗുജറാത്ത് മുഖ്യമന്ത്രിപദത്തെ ചൊല്ലി ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു
India

ഗുജറാത്ത് മുഖ്യമന്ത്രിപദത്തെ ചൊല്ലി ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു

Web Desk
|
14 Sept 2021 3:39 PM IST

ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ തുടരുകയാണ്.

ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിൽ ഗുജറാത്ത് ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. മോദിയേയും അമിത് ഷായേയും പരോക്ഷമായി വിമർശിച്ച് മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മകൾ രാധികാ രൂപാണി രംഗത്തെത്തി. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിതിൻ പട്ടേലിനും അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ തുടരുകയാണ്.

2017 ൽ ആദ്യമായി എം.എൽ.എ ആയ ഭൂപേന്ദ്ര പട്ടേലിനെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയാക്കിയെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചോദിക്കുന്നത്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് പരസ്യനിലപാടെങ്കിലും ഉപമുഖ്യമന്ത്രി നിതിൽ പട്ടേലും മുഖ്യമന്ത്രി ആകാത്തതിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു.

മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും പട്ടേൽ സമുദായത്തിൽ നിന്ന് വേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍, നിതിൻ പട്ടേലിന് നിലവിലെ ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമാവും.

അതിനിടെ പരുക്കൻ സ്വഭാവമുള്ളവർക്ക് മാത്രമേ നല്ല നേതാവാകാൻ കഴിയുകയുള്ളോയെന്ന വിമർശനമാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മകൾ രാധിക രൂപാണി നേരത്തെ ഉന്നയിച്ചത്. അക്ഷർധാം ആക്രമണം ഉണ്ടായപ്പോൾ മോദിയെക്കാൾ മുൻപെ അവിടെ എത്തിയത് വിജയ് രൂപാണിയാണ്. ജനങ്ങൾക്ക് ആവശ്യമുള്ളയിടത്തെല്ലാം അദ്ദേഹം ഉണ്ടായിരുന്നുവെന്നും രാധിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിലവിലുള്ള 21 അംഗ മന്ത്രിസഭയിൽ കൂട്ടിച്ചർക്കലുകൾക്ക് സാധ്യതയില്ല. എന്നാൽ ആരൊക്കെ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നുള്ള സസ്പെൻസ് നാളെ വരെ തുടരുകയും ചെയ്യും.

Similar Posts