< Back
India
HAL denies Tejas crash
India

തേജസ് വിമാനം തകര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എച്ച്എഎല്‍; സാങ്കേതിക തകരാര്‍ മാത്രമെന്ന് വിശദീകരണം

ശരത് ലാൽ തയ്യിൽ
|
23 Feb 2026 6:56 PM IST

ഫെബ്രുവരി ഏഴിന് പരിശീലന പറക്കലിന് ശേഷം തേജസ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം തകര്‍ന്നുവീണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍). ചെറിയ സാങ്കേതിക തകരാര്‍ മാത്രമാണുണ്ടായതെന്നും വിമാനം തകര്‍ന്നിട്ടില്ലെന്നും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി ഏഴിന് പരിശീലന പറക്കലിന് ശേഷം തേജസ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടതായാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനത്തിന് ബ്രേക്ക് നഷ്ടമുണ്ടായെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് വര്‍ഷത്തിനിടെ മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തേജസ് യുദ്ധവിമാനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. 2024 മാര്‍ച്ചില്‍ ജയ്സാല്‍മീറിലാണ് ആദ്യത്തെ തേജസ് വിമാനം തകര്‍ന്നത്. 2025 നവംബറില്‍ ദുബൈ എയര്‍ഷോയ്ക്കിടെ തേജസ് തകര്‍ന്നുവീണ് പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു.

അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യത്തിലെ തേജസ് വിമാനങ്ങളെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതിക പരിശോധനകളുടെ ഭാഗമായാണ് ഈ നീക്കം.

Similar Posts