< Back
India
Harish Rana, Indias first person to be allowed passive euthanasia, dies
India

ഹരീഷ് റാണ വിടപറഞ്ഞു; രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം

ശരത് ലാൽ തയ്യിൽ
|
24 March 2026 5:33 PM IST

13 വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷ് റാണക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ച്ച് 11ന് അനുമതി നല്‍കിയിരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച യുപി സ്വദേശി ഹരീഷ് റാണ (32) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വെച്ചാണ് ഹരീഷ് റാണയുടെ അന്ത്യം. 13 വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷ് റാണക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ച്ച് 11ന് അനുമതി നല്‍കിയിരുന്നു. ഇതോടെ, രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് വിധേയനായ വ്യക്തിയായി ഹരീഷ് റാണ.

കോടതി വിധിയെ തുടര്‍ന്ന് മാര്‍ച്ച് 16ന് ഹരീഷ് റാണയെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ജീവന്‍ രക്ഷാ ഉപാധികള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്തത്. മാന്യമായി മരിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കുന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഹരീഷ് റാണയുടെ പിതാവാണ് മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത്.

2013ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണക്ക് തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേത്. അന്നുമുതല്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു 32കാരന്‍. സുഖംപ്രാപിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. മകന്റെ കിടപ്പില്‍ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ഛണ്ഡീഗഢില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. തുടര്‍ന്ന്, അബോധാവസ്ഥയിലായ റാണയ്ക്ക് പിജിഐ ചണ്ഡീഗഡ്, എയിംസ് ഡല്‍ഹി, റാം മനോഹര്‍ ലോഹ്യ ആശുപത്രി, ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രി, ഫോര്‍ട്ടിസ് ആശുപത്രി എന്നിവിടങ്ങളില്‍ പല തവണയായി വിപുലമായ ചികിത്സ നല്‍കിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.

ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെ, റാണയെ വര്‍ഷങ്ങളായി കുടുംബം വീട്ടില്‍ തന്നെ പരിചരിച്ചുവരികയായിരുന്നു. ചികിത്സ കൊണ്ട് കാര്യമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കുടുംബം ദയാവധ അപേക്ഷയുമായി കോടതിയിലെത്തിയത്. 2018ലും 2023ലും അപേക്ഷ സുപ്രിംകോടതി നിരസിച്ചിരുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സ്ഥിരീകരിക്കുന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീണ്ടും ഹരജി സമര്‍പ്പിച്ചതും കോടതി ദയാവധം അനുവദിച്ചതും.

Similar Posts