< Back
India
haryana bjp congress
India

ഹരിയാനയില്‍ ഇഞ്ചോടിഞ്ച്; മാറിമറിഞ്ഞ് ലീഡ് നില

Web Desk
|
8 Oct 2024 10:17 AM IST

ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം പോലും മറികടന്നു

ചണ്ഡീഗഡ്: എക്സിറ്റ് പോളുകളെ അപ്രസക്തമാക്കി ഹരിയാനയില്‍ മാറിമറിഞ്ഞ് ലീഡ് നില. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കോയ്മ കാട്ടിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോണ്‍ഗ്രസ് പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം പോലും മറികടന്നു. ഇടയ്ക്ക് ലീഡ് നില കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ബിജെപി 46 സീറ്റിലും കോണ്‍ഗ്രസ് 38 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഗോദയിലിറങ്ങിയത്.

ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. മുഖ്യമന്ത്രി നയാബ് സിങ് സൈനി (ലദ്‌വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ (ഗാർഹി സാംപ്ല-കിലോയ്), ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലൻ), ബിജെപിയുടെ അനിൽ വിജ് (അംബാല കാൻ്റ്), കോൺഗ്രസിൻ്റെ വിനേഷ് ഫോഗട്ട് (ജൂലാന) തുടങ്ങിയ പ്രമുഖരാണ് ജനവിധി തേടിയിട്ടുള്ളത്.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോണ്‍ഗ്രസിന് 53 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്‌കർ പാർട്ടിക്ക് 44 മുതൽ 54 സീറ്റുകൾ വരെ പ്രവചിക്കുന്നു, ബിജെപി 15 മുതൽ 29 വരെ സീറ്റുകൾ നേടുമെനാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

Similar Posts