< Back
India
Haryana University staff force women to show period proof, photograph pads for evidence
India

'ആർത്തവ അവധി വേണമെങ്കിൽ തെളിവ് വേണം, സാനിറ്ററി പാഡിന്റെ ഫോട്ടോ കാണിക്കൂ'; സർവകലാശാലാ തൊഴിലാളികളോട് സൂപ്പർവൈസർ

Web Desk
|
30 Oct 2025 5:58 PM IST

ഞായറാഴ്ച ഹരിയാന ​ഗവർണർ പ്രൊഫസർ അശിംകുമാർ ഘോഷ് സർവകലാശാലയിൽ എത്തിയപ്പോഴായിരുന്നു വിവാദ നീക്കം.

ഛണ്ഡ‍ീ​ഗഢ്: അവധി ചോദിച്ച വനിതാ ശുചീകരണ തൊഴിലാളികളോട് ആർത്തവത്തിന് തെളിവ് ആവശ്യപ്പെട്ട് ഹരിയാനയിലെ സർവകലാശാലയിലെ ശുചീകരണ തൊഴിലാളി സൂപ്പർവൈസർ‌. റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലെ ശുചീകരണ തൊഴിലാളികളോടാണ് സൂപ്പർവൈസർമാർ അവധി നൽകണമെങ്കിൽ ആർത്തവമാണെന്ന് വ്യക്തമാക്കുന്ന തെളിവ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച, ഹരിയാന ​ഗവർണർ പ്രൊഫസർ അശിംകുമാർ ഘോഷ് സർവകലാശാലയിൽ എത്തിയപ്പോഴായിരുന്നു വിവാദ നീക്കം. ഞായറാഴ്ച അവധി ദിനമാണെന്നിരിക്കെ ശുചീകരണ തൊഴിലാളികളോട് അന്ന് ജോലിക്കെത്താൻ സൂപ്പർവൈസർമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവരിൽ മൂന്ന് പേർ, തങ്ങൾ ആർത്തവത്തിലാണെന്നും അവധി വേണമെന്നും പറയുകയായിരുന്നു.

എന്നാൽ ഇത് അം​ഗീകരിക്കാതിരുന്ന സൂപ്പർ‌വൈസർ, ആർത്തവമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതിനുള്ള തെളിവായി സാനിറ്ററി പാഡിന്റെ ഫോട്ടോകൾ അയയ്ക്കണമെന്നും പറയുകയായിരുന്നു. ഇത് മേലധികാരികളുടെ ഉത്തരവാണെന്നും സൂപ്പർവൈസർ പറഞ്ഞതായി സ്ത്രീകൾ വ്യക്തമാക്കി. ഇതോടെ, ഉപയോ​ഗിച്ച പാഡുകളുടെ ഫോട്ടോകൾ അയയ്ക്കാൻ തങ്ങൾ നിർബന്ധിതരായെന്നും എന്നിട്ടും അവധി നിഷേധിച്ചെന്നും വനിതാ ജീവനക്കാർ പറഞ്ഞു.

'ഞായറാഴ്ചയായിരുന്നു ഞങ്ങളുടെ ആഴ്ചതോറുമുള്ള അവധി. പക്ഷേ കഴിഞ്ഞ ഞായറാഴ്ച ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് സൂപ്പർവൈസർ‌ ഞങ്ങളെ വിളിച്ചു. ആർത്തവമാണെന്നും ജോലി ചെയ്യാൻ ബുദ്ധിമുട്ടെണ്ടെന്നും സീനിയർ അസിസ്റ്റന്റ് രജിസ്ട്രാറോടും സൂപ്പർവൈസറോടും ഞങ്ങൾ പറഞ്ഞു. എന്നാൽ ഒരാൾക്ക് മാത്രമേ അവധി അനുവദിക്കാനാവൂ എന്നായിരുന്നു സൂപ്പർവൈസറുടെ നിലപാട്. മൂന്ന് പേർക്ക് ഒരേ സമയം എങ്ങനെയാണ് ആർത്തവം ആകുന്നതെന്ന് ചോദിച്ച അയാൾ, അത് പരിശോധിക്കാൻ ഫോട്ടോകൾ അയയ്ക്കാനും ആവശ്യപ്പെട്ടു. ഇത് അധികാരികളുടെ ഉത്തരവാണെന്നും പറഞ്ഞു'- പരാതിക്കാരായ ശുചീകരണ തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.

പാഡിന്റെ ഫോട്ടോയെടുത്ത് അയയ്ക്കാൻ സൂപ്പർവൈസർ പറഞ്ഞതായി രണ്ടാമത്തെ പരാതിക്കാരി പറഞ്ഞു. സൂപ്പർവൈസർ തന്നോട് ആ ചിത്രങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടെന്നും താൻ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സഹപ്രവർത്തകയായ മറ്റൊരു ശുചീകരണ തൊഴിലാളി പറഞ്ഞു.

സൂപ്പർവൈസറുടെ നിലപാടിനെതിരെ ശുചീകരണ തൊഴിലാളികൾ യൂണിവേഴ്സിറ്റി ക്യാംപസിനകത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കുചേർന്ന എംപ്ലോയീസ് ആൻഡ് സ്റ്റുഡന്റ് ഓർ​ഗനൈസേഷൻ അം​ഗങ്ങൾ, കുറ്റക്കാർ‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.

ചൊവ്വാഴ്ച സർവകലാശാല സന്ദർശിച്ച പട്ടികജാതി കമ്മീഷൻ പ്രതിനിധികൾ, സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയും അച്ചടക്ക നടപടികൾ ശിപാർശ ചെയ്യുകയും ചെയ്തു. തുടർന്ന്, സർവകലാശാലാ അധികാരികൾ രണ്ട് സൂപ്പർവൈസർമാരെ സസ്‌പെൻഡ് ചെയ്യുകയും കേസ് കൂടുതൽ അന്വേഷണത്തിനായി പൊലീസിനും സർവകലാശാലയുടെ ആഭ്യന്തര സമിതിക്കും കൈമാറുകയും ചെയ്തു.

സംഭവത്തിൽ സൂപ്പർവൈസർമാർക്കെതിരെ മാത്രമല്ല, മോശമായി പെരുമാറിയ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് ജീവനക്കാരുടെ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. "വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ, ആരോപണവിധേയരായ രണ്ട് ജീവനക്കാരെയും ഞങ്ങൾ സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പരാതി പൊലീസിനും സർവകലാശാലയുടെ ഇന്റേണൽ കമ്മിറ്റിക്കും അയച്ചിട്ടുണ്ട്"- എംഡിയു രജിസ്ട്രാർ കെ.കെ ഗുപ്ത പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളികൾ റോഹ്തക്കിലെ പിജിഐഎംഎസ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

Similar Posts