
'നായകൾക്കും മുസ്‌ലിംകൾക്കും പ്രവേശനമില്ല'; ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഐഎസ്ഐ കൊൽക്കത്ത ഹോസ്റ്റലിൽ വിദ്വേഷ ചുവരെഴുത്തുകൾ
|നവംബർ 11 ചൊവ്വാഴ്ച രാവിലെയാണ് ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശത്തും ചുവരെഴുത്തുകൾ കണ്ടത്
കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നാലെ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) ക്യാമ്പസിൽ മുസ്‌ലിംവിരുദ്ധ ചുവരെഴുത്തുകൾ. 'നായകൾക്കും മുസ്‌ലിംകൾക്കും പ്രവേശനമില്ല' എന്ന ഗ്രാഫിറ്റികളാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടത്. നവംബർ 11 ചൊവ്വാഴ്ച രാവിലെയാണ് ബിരുദ, ബിരുദാനന്തര വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശത്തും ചുവരെഴുത്തുകൾ കണ്ടത്.
1931ൽ കൊൽക്കത്തയിൽ പ്രഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസ് സ്ഥാപിച്ച ഐഎസ്ഐ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ്. 1959 മുതൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഐഎസ്‌ഐ. ഡൽഹി, ബെംഗളൂരു, ചെന്നൈ, തേസ്പൂർ എന്നിവിടങ്ങളിൽ ഇതിന് ശാഖകളുണ്ട്.
ഹോസ്റ്റൽ പ്രവേശന കവാടത്തിൽ 'നായകൾക്ക് പ്രവേശനമില്ല' എന്ന് കറുത്ത നിറത്തിൽ എഴുതിയ ചവരെഴുത്തുകൾ കുറച്ച് വർഷങ്ങളായി അവിടെയുണ്ട്. എന്നാൽ ആരോ വെളുത്ത ചോക്ക് ഉപയോഗിച്ച് 'മുസ്‌ലിംകൾ' എന്ന് ഇതിനു മുകളിൽ എഴുതി ചേർത്തു. ഇപ്പോൾ 'മുസ്‌ലിംകളും നായയും പരിസരത്ത് പ്രവേശിക്കാൻ പാടില്ല' എന്നാണ് എഴുതിയിരിക്കുന്നത്. ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ചവറ്റുകൊട്ടയിൽ 'മുസ്‌ലിംകൾക്കുള്ള ഏക സ്ഥലം' എന്നും എഴുതിയിരിക്കുന്നു.
നവംബർ 10ന് വൈകുന്നേരം 6.50 ഓടെ ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ പൊട്ടിത്തെറിച്ച് എട്ട് പേർ തൽക്ഷണം മരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അഞ്ച് പേർകൂടി മരിച്ചു. ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.