< Back
India
hathras_stampade
India

ഹാഥ്റസ്: ആൾദൈവത്തിന്റെ കാലുപതിഞ്ഞ മണ്ണ് ശേഖരിക്കാൻ ആളുകൾ ഓടിക്കൂടി, സുരക്ഷാസേന തള്ളിമാറ്റിയതോടെ പരിഭ്രാന്തി

Web Desk
|
3 July 2024 6:06 PM IST

ആൾദൈവമായ ഭോലെ ബാബ വേദിവിടാൻ ഒരുങ്ങിയതോടെ അനുഗ്രഹം വാങ്ങാനായി പുറത്തുനിന്നുള്ള ആളുകളും ഓടിയടുക്കുകയായിരുന്നു...

ഹാഥ്റസ്: സ്വയംപ്രഖ്യാപിത ആൾദൈവമായ നാരായൺ ഹരി എന്ന 'ഭോലെ ബാബയുടെ' സ്വകാര്യ സുരക്ഷാ സേന ആളുകളെ തള്ളിമാറ്റിയതാണ് ഹാഥ്റാസിൽ ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപണം. ഭോലെ ബാബ നടത്തിയ മതചടങ്ങിന് അനുമതി നൽകിയ ഹാഥ്റാസിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സിക്കന്ദ്ര റാവുവാണ് അപകടത്തിന്റെ കാരണം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഹാഥ്റസ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തിലാണ് ആരോപണം.

ചടങ്ങിനിടെ ഭോലെ ബാബയുടെ കാലുപതിഞ്ഞ മണ്ണ് ശേഖരിക്കാൻ ആളുകൾ ഓടിക്കൂടി. ഇയാളുടെ സ്വകാര്യ സുരക്ഷാ സേന മുന്നോട്ട് വന്ന ആളുകളെ തടഞ്ഞു. തള്ളിമാറ്റാൻ തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി പിന്നോട്ട് നീങ്ങാൻ തുടങ്ങി. ഈ തിക്കിലും തിരക്കിലും പലരും താഴെ വീഴുകയും ഇതാണ് അപകടത്തിന് കരണമായതെന്നുമാണ് എസ്‌ഡിഎം കത്തിൽ വ്യക്തമാക്കുന്നത്.

ആൾദൈവം ഉച്ചയ്ക്ക് 12.30ന് വേദിയിലെത്തിയിരുന്നു. പരിപാടി ഒരു മണിക്കൂറോളം നീണ്ടു. ഇയാൾ വേദി വിടാൻ ഒരുങ്ങിയതോടെ അനുഗ്രഹം വാങ്ങാനായി ആളുകൾ ഓടിയെടുക്കാൻ തുടങ്ങി. ജിടി റോഡിലെ ഡിവൈഡറിലും ധാരാളം ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പുറത്തുനിന്ന ഇവരും വേദിക്കടുത്തേക്ക് ഓടിയെത്താൻ തുടങ്ങി. ആൾദൈവത്തിൻ്റെ സ്വകാര്യ സുരക്ഷാ ഗാർഡുകളും അനുയായികളും ആളുകളെ തടയാനായി ഇവരെ തള്ളിമാറ്റുകയാണ് ചെയ്തത്. നിരവധി പേർ താഴെ വീണത് ജനങ്ങളെ പരിഭ്രാന്തരാക്കി. തുടർന്ന് ജനക്കൂട്ടം നിയന്ത്രണം വിട്ട് പോവുകയായിരുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.

തിരക്കിൽ നിന്ന് രക്ഷപെടാനായി തൊട്ടടുത്തുള്ള ഒരു തുറസായ സ്ഥലത്തേക്ക് ആളുകൾ കൂട്ടമായി പോകാൻ തുടങ്ങി. ഇവിടെയുണ്ടായിരുന്ന ഒരു ചെരുവിൽ തെന്നി കുറെയധികം ആളുകൾ താഴെ വീണു. പിന്നാലെ വന്ന ആളുകൾ ഇവർക്ക് മുകളിലൂടെയാണ് ഓടിപ്പോയത്. മഴ പെയ്യാത്തതിനാൽ ചെളിയും വെള്ളവുമായിരുന്നു ഈ സ്ഥലത്ത്. ഇവിടെയാണ് ആളുകൾ വഴുതി വീണത്.

പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തെങ്കിലും എഫ്ഐആറിലെ പ്രതികളുടെ പട്ടികയിൽ ഭോലെ ബാബയുടെ പേരില്ല. ഒളിവിലുള്ള ഇയാളുടെ മുഖ്യ അനുയായി ദേവപ്രകാശ് മധുകറിനെ പ്രതി ചേർത്തിട്ടുണ്ട്.

ജൂൺ 2നാണ് ഉത്തർപ്രദേശിലെ ഹാഥ്റസിൽ ആൾദൈവമായ ഭോലെ ബാബ സംഘടിപ്പിച്ച 'സത്സംഗ്' എന്ന പ്രാർത്ഥനാചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി ആളുകൾ ചികിത്സയിൽ കഴിയുന്നുണ്ട്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തില്‍ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി.

Similar Posts