< Back
India
Punjab ,bulldozer action ,drug smugglers,
India

ലഹരിക്കടത്തുകാരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവം; പഞ്ചാബ് സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്

Web Desk
|
5 March 2025 11:21 AM IST

ലഹരിമാഫിയക്കെതിരെ കർശനനടപടി സ്വീകരിച്ചിരിക്കുകയാണ് പഞ്ചാബ് സർക്കാർ

ജലന്ധർ: മയക്കുമരുന്ന് കടത്തുകാരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിൽ പഞ്ചാബ് സർക്കാറിന് നോട്ടീസയച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പഞ്ചാബ് ജലന്ധറിലെ ഫില്ലൗറിൽ മയക്കുമരുന്ന് കടത്തുകാർ നിർമ്മിച്ച അനധികൃത കെട്ടിടങ്ങള്‍ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയിരുന്നു.

പൊലീസിന്റെ ബുൾഡോസർ നടപടിയെ ചോദ്യം ചെയ്ത് പീപ്പിൾ വെൽഫെയർ സൊസൈറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിക്ക് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സുമീത് ഗോയൽ എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ് സർക്കാറിന് നോട്ടീസ് അയച്ചത്.

നിയമപരമായ നടപടിക്രമങ്ങൾ മറികടന്ന് ഇത്തരം പൊളിക്കലുകൾ ഭരണഘടനാ അവകാശങ്ങളുടെയും നിയമവാഴ്ചയുടെയും ലംഘനമാണെന്ന് അഭിഭാഷകൻ കൻവർ പോൾ സിംഗ് സമർപ്പിച്ച ഹരജിയിൽ പറയുന്നു. കുറ്റാരോപണങ്ങളുടെയോ ശിക്ഷാവിധികളുടെയോ അടിസ്ഥാനത്തിൽ മാത്രം എക്‌സിക്യൂട്ടീവിന് സ്വത്തുക്കൾ പൊളിച്ചു നീക്കാനാകില്ലെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. ന്യായമായ വിചാരണ കൂടാതെ സ്വത്ത് പൊളിച്ചുമാറ്റി വ്യക്തികളെ ശിക്ഷിച്ചുകൊണ്ട് ജഡ്ജിയായും ആരാച്ചാരായും പ്രവർത്തിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വാദം കേൾക്കുന്നതിനായി മാർച്ച് 25 ലേക്ക് മാറ്റിയിട്ടുണ്ട്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പഞ്ചാബ് സർക്കാർ അടുത്തിടെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് ഇല്ലാതാക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാൻ പൊലീസ് കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, സീനിയർ പൊലീസ് സൂപ്രണ്ടുകൾ എന്നിവർക്ക് മൂന്ന് മാസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കും. കൂടാതെ, ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് വിൽപ്പനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള സർക്കാർ സബ്സിഡികൾ നൽകില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ പഞ്ചാബ് പൊലീസ് സംസ്ഥാനത്തുടനീളം പരിശോധന നടത്തുകയും നിരവധി മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

Similar Posts