< Back
India
ഹിജാബ് വിലക്ക്; കർണാടകയിൽ പഠനം ഉപേക്ഷിച്ച് വിദ്യാർഥികൾ, കൂട്ടത്തോടെ ടി.സി വാങ്ങി
India

ഹിജാബ് വിലക്ക്; കർണാടകയിൽ പഠനം ഉപേക്ഷിച്ച് വിദ്യാർഥികൾ, കൂട്ടത്തോടെ ടി.സി വാങ്ങി

Web Desk
|
21 Aug 2022 6:56 AM IST

പല കോളേജുകളിൽ നിന്നും വിദ്യാർഥികൾ ടി.സി പോലും വാങ്ങാതെ പഠനം ഉപേക്ഷിച്ചതായും വിവരമുണ്ട്

ബെംഗളൂരു: ഹിജാബിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 16 ശതമാനത്തിലധികം പെൺകുട്ടികൾ ടി.സി വാങ്ങിയതായി റിപ്പോർട്ട്. ടി.സി വാങ്ങിയ വിദ്യാർഥികളിൽ ചിലർ ഹിജാബ് അനുവദനീയമായ സ്വകാര്യ കോളേജുകളിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. എന്നാൽ സാമ്പത്തികമായി പ്രയാസമുള്ള വിദ്യാർഥികൾ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പഠനം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നിന്ന് മാത്രം കഴിഞ്ഞ മെയ് മാസത്തിൽ 16 ശതമാനത്തിലധികം വിദ്യാർത്ഥികൾ ടിസി വാങ്ങിയതായാണ് വിവരം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 സർക്കാർ, 36 എയ്ഡഡ് കോളേജുകളാണുള്ളത്. ഉഡുപ്പി ജില്ലയിൽ 14% വിദ്യാർഥികളും ദക്ഷിണ കന്നഡ ജില്ലയിൽ 13% വിദ്യാർഥികളും തങ്ങളുടെ കോളേജുകളിൽ നിന്നും ടി.സി വാങ്ങിയിട്ടുണ്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ വിവിധ കോഴ്‌സുകൾ പഠിച്ചിരുന്ന 900 മുസ്‌ലിം പെൺകുട്ടികളിൽ 145 പേരാണ് ടി.സി വാങ്ങിയത്. എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് സർക്കാർ കോളേജുകളിൽ നിന്നാണ് വിദ്യാർഥികൾ കൂട്ടത്തോടെ ടി.സി വാങ്ങുന്നത്. സർക്കാർ കോളേജുകളിൽ നിന്ന് 34% വും എയ്ഡഡ് കോളേജുകളിൽ നിന്ന് 8% വും വിദ്യാർഥികൾ ടി.സി വാങ്ങി. ടി സി വാങ്ങിയ വിദ്യാർഥികളോട് കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റി കെഎസ്‌ഒയു വിനെ സമീപിക്കാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്. പല കോളേജുകളിൽ നിന്നും വിദ്യാർഥികൾ ടി.സി പോലും വാങ്ങാതെ പഠനം ഉപേക്ഷിച്ചതായും വിവരമുണ്ട്. അങ്ങിനെ എങ്കിൽ വിവരാവകാശ പ്രകാരം ഇപ്പോൾ പുറത്ത് വന്ന ഈ കണക്കുകൾ വർദ്ധിക്കാനാണ് സാധ്യത.

Similar Posts