< Back
India
രാജ്യത്ത് ഹിന്ദുക്കൾ അപകടത്തിലാണെങ്കിൽ ഉത്തരവാദി ബിജെപി; ആദിത്യ താക്കറെ
India

രാജ്യത്ത് ഹിന്ദുക്കൾ അപകടത്തിലാണെങ്കിൽ ഉത്തരവാദി ബിജെപി; ആദിത്യ താക്കറെ

Web Desk
|
10 July 2025 6:26 PM IST

''കഴിഞ്ഞ പതിനൊന്ന് വർഷമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാരാണ് ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഹിന്ദുക്കൾ അപകടത്തിലാണെങ്കിൽ, പിന്നെ ബിജെപി സർക്കാരിന്റെ പ്രസക്തി എന്താണ്''

മുംബൈ: രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ അപകടകരമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് ആദിത്യ താക്കറെ. ഹിന്ദുക്കള്‍ നിർബന്ധിത മതപരിവർത്തനത്തിന് വിധേമാകുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'''കഴിഞ്ഞ പതിനൊന്ന് വർഷമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാരാണ് ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഹിന്ദുക്കൾ അപകടത്തിലാണെങ്കിൽ, പിന്നെ ബിജെപി സർക്കാരിന്റെ പ്രസക്തി എന്താണ്''- ആദിത്യ താക്കറെ ചോദിച്ചു.

‘ഇന്നലെ മന്ത്രി മംഗൾ പ്രഭാത് ലോധ, കുർള ഐടിഐയിൽ റോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും എണ്ണം വർധിച്ചുവരുന്നുവെന്ന് ട്വീറ്റ് ചെയ്തു. അദ്ദേഹം അവിടെ പോയി അവർ റോഹിംഗ്യകളും ബംഗ്ലാദേശികളുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ അവർ എപ്പോഴാണ് എത്തിയത്? അതിർത്തി സുരക്ഷക്ക് ആരാണ് ഉത്തരവാദി? അത് നിങ്ങളുടെ സ്വന്തം കേന്ദ്ര സർക്കാർ തന്നെയാണ്’- ആദിത്യ താക്കറെ പറഞ്ഞു.

"ഒന്നുകിൽ നിങ്ങൾ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കുറ്റപ്പെടുത്തുകയാണ്. ലോധ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഞാൻ മുഖ്യമന്ത്രിക്ക് എഴുതും. സ്വന്തം സർക്കാർ പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതുപോലെ, ഇവിടെ എന്ത് കൊണ്ട് ഫഡ്നാവിസ് അങ്ങനെ ചെയ്യുന്നില്ല'- താക്കറെ ചോദിച്ചു.

Similar Posts