< Back
India
സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലക്കൽ മുതൽ ക്ഷേത്രത്തിന്റെ ചുവരിലെ ഐ ലവ് മുഹമ്മദ് വരെ; കലാപം ലക്ഷ്യമിട്ട് അനുസ്യൂതം തുടരുന്ന ഹിന്ദുത്വരുടെ വ്യാജപ്രചാരണങ്ങൾ
India

'സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലക്കൽ മുതൽ ക്ഷേത്രത്തിന്റെ ചുവരിലെ ഐ ലവ് മുഹമ്മദ് വരെ'; കലാപം ലക്ഷ്യമിട്ട് അനുസ്യൂതം തുടരുന്ന ഹിന്ദുത്വരുടെ വ്യാജപ്രചാരണങ്ങൾ

Web Desk
|
31 Oct 2025 4:49 PM IST

യുകെ വിമാനത്തിൽ 'അല്ലാഹു അക്ബർ' 'അമേരിക്കക്ക് മരണം' 'ട്രംപിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ ഇന്ത്യൻ വംശജനായ അഭയ് നായക് അറസ്റ്റിലായത് ഈ വർഷം ജൂലൈ 27നാണ്

കോഴിക്കോട്: ഇന്ത്യൻ ജനതയുടെ ഐക്യം തകർത്ത് അതിനിടയിലൂടെ രാജ്യത്ത് കടന്നുകയറി വിഭവങ്ങൾ കൊള്ളയടിക്കാൻ ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ച കുപ്രസിദ്ധമായ തന്ത്രമായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഹിന്ദുത്വ സംഘടനകളും രാജ്യത്ത് പയറ്റിക്കൊണ്ടിരിക്കുന്നത് ഇതേ തന്ത്രമാണ്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും വിദ്വേഷ പ്രചാരണം നടത്തുകയുമാണ് രീതി. കലാപവും വിദ്വേഷ പ്രചാരണവും ലക്ഷ്യമിട്ട് ക്ഷേത്രങ്ങൾ ആക്രമിക്കുകയും മലിനപ്പെടുത്തുകയും ചെയ്ത് അത് മുസ്‌ലിംകളാണൈന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരം കേസുകളിൽ പലപ്പോഴും പിടിക്കപ്പെടുന്ന ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തന്നെയായിരിക്കും.

ഉത്തർപ്രദേശിലെ അലിഗഢിൽ ക്ഷേത്രങ്ങളുടെ ചുവരിൽ 'ഐ ലവ് മുഹമ്മദ്' എഴുതിയതാണ് ഇതിൽ ഏറ്റവും അവസാനത്തെ സംഭവം. 'ഐ ലവ് മുഹമ്മദ്' കാമ്പയിനുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ മറവിൽ കലാപത്തിന് ലക്ഷ്യമിട്ടാണ് ക്ഷേത്രങ്ങളുടെ ചുവരിൽ 'ഐ ലവ് മുഹമ്മദ്' എഴുതിയത്. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.



ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെയും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യുകെ വിമാനത്തിൽ 'അല്ലാഹു അക്ബർ' 'അമേരിക്കക്ക് മരണം' 'ട്രംപിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ ഇന്ത്യൻ വംശജനായ അഭയ് നായക് അറസ്റ്റിലായത് ഈ വർഷം ജൂലൈ 27നാണ്. ലൂട്ടണിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം.

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ കർണാടകയിലെ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയതിന് ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിലായണ് ഈ വർഷം ആഗസ്റ്റിലാണ്. വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.



ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ വീരേൻ വാലേ ക്ഷേത്രത്തിൽ ബുർഖ ധരിച്ച് അതിക്രമിച്ചുകയറിയത് ഹിന്ദു യുവാവ്. ഹരിയാനയിലെ യമുനാനഗർ സ്വദേശിയായ സുനിൽ ആണ് കേസിലെ പ്രതി. ഈ വർഷം മാർച്ച് 14ന് ഹൈദരാബാദിലെ ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ എക്കൗണ്ടന്റിന് നേരെ ആസിഡ് ആക്രമണമുണ്ടായി. പൊലീസ് അന്വേഷണത്തിൽ ക്ഷേത്രത്തിലെ പൂജാരിയും മറ്റൊരാളും അറസ്റ്റിലായി.

2023 ആഗസ്റ്റ് 14ന് ജാർഖണ്ഡിലെ ഗുംലയിലെ ക്ഷേത്രത്തിൽ ബീഫ് കൊണ്ടുവെച്ച കേസിൽ രാജ്ദീപ് കുമാർ ഠാക്കൂർ അറസ്റ്റിലായി. ഇതിനെതിരെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. 2019 ആഗസ്റ്റ് 27ന് എടയൂർ പഞ്ചായത്തിലെ നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമിക്കുകയും ചുറ്റമ്പലത്തിലേക്ക് വിസർജ്യം എറിയുകയും ചെയ്ത കേസിൽ പ്രതി രാമകൃഷ്ണൻ അറസ്റ്റിലായി. 2017 മേയ് 26ന് നിലമ്പൂർ പൂക്കോട്ടുപാടം വില്ല്യത്ത് മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ തകർത്ത സംഭവത്തിൽ അറസ്റ്റിലായത് തിരുവനന്തപുരം കവടിയാർ സ്വദേശി മോഹൻദാസ് ആയിരുന്നു.

Similar Posts