< Back
India
Hindutva mob attack Christian missionary group in Jammu Kashmir

Photo| Special Arrangement

India

കശ്മീരിൽ ക്രിസ്ത്യൻ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

Web Desk
|
16 Nov 2025 3:50 PM IST

പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

ശ്രീന​ഗർ: തമിഴ്നാട്ടിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറി സം​ഘത്തിന് നേരെ ജമ്മു കശ്മീരിൽ ഹിന്ദുത്വവാദികളുടെ ആക്രമണം. കത്വയിൽ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാർഥന നടത്തവെ മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. പൊലീസ് തടയാൻ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മർദനമേറ്റവർ ആരോപിച്ചു. ആക്രമണത്തിൽ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു.

ഒക്ടോബർ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകൾ നിങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി എട്ട് പൊലീസ് ഉദ്യോ​ഗസ്ഥരെത്തി മിഷനറി സംഘത്തെ അറിയിച്ചു. ഉടൻ സ്ഥലംവിടാൻ ആവശ്യപ്പെടുകയും ഗ്രാമത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ സംരക്ഷണം നൽകാമെന്ന് പറയുകയും ചെയ്തു.

തുടർന്ന്, ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റർ ​ദൂരം പൊലീസ് സംഘം അനു​ഗമിച്ചു. എന്നാൽ പൊടുന്നനെ 40ലേറെ വരുന്ന ഹിന്ദുത്വ അക്രമികൾ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തതായി ക്രിസ്റ്റ്യാനിറ്റി ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മിനി ബസിന്റെ വാതിൽ തുറക്കാനാവശ്യപ്പെട്ട അക്രമികൾ, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിൻഡ്ഷീൽ‍ഡും വിൻഡോകളും തകർത്ത അക്രമികൾ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

തങ്ങളെ അനു​ഗമിച്ച പൊലീസുകാരിൽ ഒരാൾ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവർ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും മിഷനറി സംഘം പറഞ്ഞു. അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവർ ആരോപിച്ചു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥൻ മോഹിത ശർമയാണ് പിന്നീട് ഇരകളെ അവരുടെ താമസസ്ഥലത്ത് എത്തിക്കാൻ സഹായിച്ചത്.

അക്രമികൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഉദ്യോ​ഗസ്ഥൻ ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിർവഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശർമ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

ഗോരക്ഷാ സംഘാം​ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവമുൾപ്പെടെ നിരവധി കേസുകളും ഇയാൾക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികൾക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നൽകുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകൾക്കെതിരെ അക്രമിസംഘവും പരാതി നൽകി. ഭക്ഷണവും പണവും നൽകി ഹിന്ദു ​ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നൽകിയത്. 10 വർഷം മുമ്പാണ് മിഷനറി സംഘം ജമ്മു കശ്മീരിലെത്തിയത്. പ്രാർഥനയ്ക്കും ഉച്ചഭക്ഷണത്തിനുമായി പ്രദേശത്തെ ക്രൈസ്തവ കുടുംബം ക്ഷണിച്ചതുപ്രകാരമാണ് സംഘം ​ഗ്രാമത്തിലെത്തിയത്.

Similar Posts