India
ഹോളി ആഘോഷം: സംഭലിൽ 1015 പേർ കരുതൽ തടങ്കലിൽ, ക്രമസമാധാനം ഉറപ്പാക്കാനെന്ന് അധികൃതർ
India

ഹോളി ആഘോഷം: സംഭലിൽ 1015 പേർ കരുതൽ തടങ്കലിൽ, ക്രമസമാധാനം ഉറപ്പാക്കാനെന്ന് അധികൃതർ

Web Desk
|
12 March 2025 10:33 PM IST

ഉത്തർപ്രദേശിൽ വലിയ ആഘോഷം നടക്കുന്ന ഇടങ്ങളിലൊന്നായ ഷാജഹാൻപൂരിലാണ് 70 മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടിയത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലിൽ ഹോളി ആഘോഷത്തിന് മുന്നോടിയായി പള്ളികള്‍ മൂടിയതിന് പിന്നാലെ 1015 പേരെ കരുതല്‍ തടങ്കലില്‍ ആക്കി. ക്രമസമാധാനം ഉറപ്പാക്കാനെന്ന് പറഞ്ഞാണ് നടപടി. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ വിട്ടയക്കണമെന്നാണ് ആവശ്യം.

ഹോളി ദിവസം ജുമുഅ നമസ്കാരത്തിന് മുസ്‌ലിംകൾ പുറത്തിറങ്ങരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഹ്വാനത്തിന് പിന്നാലെ സ്വയം സുരക്ഷയൊരുക്കിയിരിക്കുകയാണ് യുപിയിലെ പള്ളികൾ. ഷാജഹാൻപൂരിൽ 70ഉം സംഭൽ ശാഹി മസ്ജിദ് ഉൾപ്പടെ സംഭലിലെ പത്ത് മസ്ജിദും പൂർണ്ണമായും മൂടിക്കെട്ടി. ഉത്തര്‍പ്രദേശിൽ വലിയ ആഘോഷം നടക്കുന്ന ഇടങ്ങളിൽ ഒന്നായ ഷാജഹാൻപൂരിലാണ് 70 മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടിയത്.

നിറങ്ങള്‍ വിതറുന്നതിന് പുറമെ ചെരുപ്പുകള്‍ വലിച്ചെറിയുന്ന പ്രത്യേക ഹോളി ആഘോഷവും ഷാജഹാന്‍പൂരിലുണ്ട്. പത്ത് കിലോമീറ്റര്‍ ദൂരമാണ് ഹോളി യാത്ര നടക്കുക. അതിനാല്‍, മസ്ജിദ് ഭാരവാഹികളുമായി ആലോചിച്ചാണ് നടപടിയെന്നാണ് എസ്പി എസ് രാജേഷ് പറയുന്നത്. തൊട്ട് പിന്നാലെയാണ് സംഭൽ ശാഹി മസ്ജിദ് ഉൾപ്പടെ സംഭലിലെ പത്ത് മസ്ജിദും പൂർണ്ണമായും മൂടികെട്ടിയത്. പൊലീസിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പള്ളികൾ മൂടിയത്. പള്ളിക്ക് മുന്നിലൂടെ ആഘോഷം കടന്നു പോകും.

അതേസമയം ഹോളി വരുന്ന വെള്ളിയാഴ്ച ആയതിനാൽ ജുമഅ നമസ്കാരത്തിനായി ആഘോഷങ്ങൾക്ക് രണ്ട് മണിക്കൂർ ഇടവേള അനുവദിച്ച ബിഹാറിലെ ദർഭംഗ മേയർ അഞ്ജും ആരക്ക് തീവ്രവാദ മനോഭാവമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പിന്നാലെ സമയം നൽകിയതിൽ മേയർ ഖേദം പ്രകടിപ്പിച്ചു. ഹോളി ദിവസം മുസ്‌ലിംകള്‍ ടാര്‍പോളിന്‍ കൊണ്ടുണ്ടാക്കിയ ഹിജാബ് ധരിച്ചാല്‍ മതിയെന്നാണ് ബിജെപി നേതാവ് രഘുരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. വെള്ളിയാഴ്ച വീട്ടിൽ നമസ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി യോഗി അതിത്യനാഥും ആവശ്യപ്പെട്ടിരുന്നു.

Similar Posts