< Back
India
Chandrababu Naidu at the Rajamahendravaram central jail

 ചന്ദ്രബാബു നായിഡു രാജമഹേന്ദ്രവാരം സെൻട്രൽ ജയിലില്‍

India

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍; ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി

Web Desk
|
12 Sept 2023 7:44 AM IST

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് നായിഡു

ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 73 കാരനായ നായിഡുവിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക മുറിയൊരുക്കണമെന്ന് രാജമഹേന്ദ്രവാരം സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് എസിബി കോടതി നിർദേശിച്ചിരുന്നു.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് നായിഡു. നായിഡുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷണം പൂർത്തിയാക്കാൻ പര്യാപ്തമല്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.സെപ്തംബര്‍ 22ന് രാവിലെ 10.30ന് വീണ്ടും നായിഡുവിനെ കോടതിയില്‍ ഹാജരാക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്. ''ചെയ്യാത്ത കുറ്റത്തിന് തന്‍റെ പിതാവിനെ അന്യായമായി റിമാൻഡിന് അയച്ചുവെന്ന്'' മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. "എന്‍റെ കോപം ജ്വലിക്കുന്നു, എന്‍റെ രക്തം തിളച്ചുമറിയുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ആഴത്തിന് അതിരുകളില്ലേ? തന്‍റെ രാജ്യത്തിനും സംസ്ഥാനത്തിനും തെലുങ്ക് ജനതയ്ക്കും വേണ്ടി ഇത്രയധികം നേട്ടങ്ങൾ നേടിയ എന്‍റെ പിതാവ് എന്തിന് അത്തരം അനീതി സഹിക്കണം? " ലോകേഷ് ചോദിച്ചു.താനും തന്‍റെ പിതാവും 'പോരാളികൾ' ആണെന്ന് ലോകേഷ് പറഞ്ഞു, തന്റെ പോരാട്ടത്തിൽ തന്നോടൊപ്പം ചേരാൻ ആളുകളോട് ആഹ്വാനം ചെയ്യുകയും ലോകമെമ്പാടുമുള്ള തെലുങ്ക് ജനതയുടെ പിന്തുണ തേടുകയും ചെയ്തു.

മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ എതിരാളികളെ ക്രിമിനലുകളാക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണെന്ന് ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ആരോപിച്ചു.കോടികളുടെ സ്കില്‍ ഡവലപ്മെന്‍റ് കോർപ്പറേഷൻ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച രാത്രി വിജയവാഡയിലെ എസിബി കോടതി നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ചയാണ് നായിഡു അറസ്റ്റിലായത്.

അതേസമയം നായിഡുവിനെതിരായ അഴിമതി കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തെലുങ്ക് ദേശം പാർട്ടി അറിയിച്ചു . ചന്ദ്രബാബു നായിഡുവിനെ വീട്ട് തടങ്കലിലാക്കണമെന്ന അപേക്ഷയിൽ വിജയവാഡ കോടതി ഇന്നും വാദം കേൾക്കും. ചന്ദ്രബാബു നായിഡുവിന് രാജമുൻഡ്രിയിലെ ജയിലിൽ സുരക്ഷയില്ലെന്നും നിരവധി ക്രിമിനൽ കേസ് പ്രതികൾ തടവിൽ കിടക്കുന്ന ജയിലിൽ നിന്ന് മാറ്റി വീട്ട് തടങ്കലിൽ ആക്കണമെന്നും ചന്ദ്രബാബു നായിഡുവിന്‍റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ വാദിച്ചു.

Similar Posts