< Back
India
നടപടികൾക്ക് വേഗംകൂട്ടി ഇന്ത്യ; പാക് പൗരൻമാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങൾക്ക് അടിയന്തര നിർദേശം നൽകി
India

നടപടികൾക്ക് വേഗംകൂട്ടി ഇന്ത്യ; പാക് പൗരൻമാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങൾക്ക് അടിയന്തര നിർദേശം നൽകി

Web Desk
|
25 April 2025 2:19 PM IST

പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്

ന്യൂഡൽഹി: പാക് പൗരൻമാരെ പുറത്താക്കാനുള്ള നടപടികൾക്ക് വേഗംകൂട്ടി ഇന്ത്യ. മുഖ്യമന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പാകിസ്താൻകാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങൾക്ക് അടിയന്തര നിർദേശം നൽകി. ഇതുസംബന്ധിച്ച് വൈകിട്ട് ഉന്നതതല യോഗം ചേരും. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

പാക് പൗരന്മാരുടെ വിസ റദ്ദാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പാക് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പാക് പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കും. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ല. പാകിസ്താനിലെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥർ മടങ്ങി പോകണം. ഇസ്ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കശ്മീരിലെത്തി. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ശ്രീനഗറിലെ ബി ബി കാന്റ് ആശുപത്രിയിലുള്ളവരെയാണ് സന്ദർശിച്ചത്. അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ ഉള്ളവരെയും രാഹുൽ സന്ദർശിക്കും.

Similar Posts