< Back
India
വിവാദ വ്യവസായി ബി.ആർ ഷെട്ടിക്ക് ആദരം; ദുബൈയിൽ ബിജെപി അനുകൂല പ്രവാസി സംഘടനയുടെ സ്വാതന്ത്ര്യ ദിനാഘോഷം
India

വിവാദ വ്യവസായി ബി.ആർ ഷെട്ടിക്ക് ആദരം; ദുബൈയിൽ ബിജെപി അനുകൂല പ്രവാസി സംഘടനയുടെ സ്വാതന്ത്ര്യ ദിനാഘോഷം

Web Desk
|
20 Aug 2025 11:55 AM IST

വിവിധ ഇന്ത്യൻ ബാങ്കുകളുമായി സാമ്പത്തിക കേസുകൾ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ അഭിമാനമെന്ന് പരിചയപ്പെടുത്തി ബി.ആർ ഷെട്ടിയെ സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചത്

ദുബൈ: വിവാദ വ്യവസായി ബി.ആർ ഷെട്ടിയെ ആദരിച്ച് ദുബൈയിൽ ബിജെപി അനുകൂല പ്രവാസി സംഘടനയുടെ സ്വാതന്ത്ര്യദിനാഘോഷം. ബിജെപിയുടെ തമിഴ്‌നാട് വൈസ് പ്രസിഡന്റ് കെ. അണ്ണാമലൈ ആയിരുന്നു പരിപാടിയിൽ മുഖ്യാതിഥി.

കഴിഞ്ഞ ദിവസം ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ബിജെപി അനുകൂല പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ പീപ്പിൾസ് ഫോറം വിവാദ വ്യവസായി ബി.ആർ ഷെട്ടിയെ ആദരിച്ചത്. സാമ്പത്തിക തിരിമറികളുടെ പേരിൽ നിയമനടപടി നേരിടുന്ന വ്യവസായിയാണ് ഇദ്ദേഹം. വിവിധ ഇന്ത്യൻ ബാങ്കുകളുമായി സാമ്പത്തിക കേസുകൾ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ അഭിമാനമെന്ന് പരിചയപ്പെടുത്തി ഇദ്ദേഹത്തെ സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചത്.

ഉഡുപ്പി മുനിസിപ്പാലിറ്റിയിൽ ജനസംഘത്തിന്റെ പഴയ കൗൺസിലറായിരുന്നു ബി.ആർ ഷെട്ടിയെന്ന് പരിചയപ്പെടുത്തിയാണ് മുഖ്യാതിഥിയായ തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസംഗം ആരംഭിച്ചത്.

പ്രവാസികൾ അവധിക്കാലം ചെലവിടാൻ യൂറോപ്യൻ നഗരങ്ങൾക്ക് പകരം ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വരണമെന്നും, വിവിധ ഭാഷകളിലെ സാഹിത്യം പഠിക്കാൻ തയാറാവണമെന്നും അണ്ണാമലൈ പറഞ്ഞു.

ഐപിഎഫ് പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ, ബി.എൻ.ഡബ്ലിയു ഡവലപേഴ്‌സ് സ്ഥാപകൻ അങ്കുർ അഗർവാൾ, ഫോർച്യൂൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സ്ഥാപകൻ പ്രവീൺ ഷെട്ടി, ഐ.പി.എഫ്. യുവ കൺവീനർ നവീൻ ഭരദ്വാജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ കോർത്തിണക്കി സംഗീത നൃത്ത പരിപാടികളും അരങ്ങേറി.

Similar Posts