< Back
India
ദുരഭിമാനക്കൊല; സഹോദരിയുടെ മകളുടെ ആൺ സുഹൃത്തിനെ ട്രാക്ടറിൻ്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തല്ലിക്കൊലപ്പെടുത്തി
India

ദുരഭിമാനക്കൊല; സഹോദരിയുടെ മകളുടെ ആൺ സുഹൃത്തിനെ ട്രാക്ടറിൻ്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തല്ലിക്കൊലപ്പെടുത്തി

ശരത് ഓങ്ങല്ലൂർ
|
22 Feb 2026 4:03 PM IST

ശനിയാഴ്ച തൻ്റെ വനിത സുഹൃത്തിനെ കണ്ട് വരുന്ന വഴിക്കാണ് പവൻ റാം ആക്രമിക്കപ്പെട്ടത്

റാഞ്ചി: സഹോദരിയുടെ മകളുടെ ആൺ സുഹൃത്തിനെ ട്രാക്ടറിന്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തല്ലിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ജാർഖണ്ഡിലെ പട് വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുർമ ഗ്രാമത്തിലെ പവൻ റാമാണ് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിലെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദിച്ച് തുടങ്ങിയത്. കയർ കൊണ്ട് കൈ-കാലുകൾ കെട്ടിയിട്ട് വടികൊണ്ടായിരുന്നു ആക്രമണം. ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചത് നാട്ടുകാർ കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെ വലിയൊരു ആൾക്കൂട്ടം സ്ഥലത്തേക്ക് എത്തി ഇയാളെ മർദിക്കുകയായിരുന്നു എന്നാണ് പ്രതികൾ ആദ്യം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, പൊലീസ് അന്വേഷണത്തിലാണ് പ്രതികളിലൊരാളുടെ സഹോദരി പുത്രിയുമായുള്ള സൗഹൃദമാണ് ആൾക്കൂട്ട മർദനത്തിന് കാരണമെന്ന് വ്യക്തമായത്. ശനിയാഴ്ച തന്റെ വനിത സുഹൃത്തിനെ കണ്ട് വരുന്ന വഴിക്കാണ് പവൻ റാം ആക്രമിക്കപ്പെട്ടത്.

ആൾക്കൂട്ട മർദനമറിഞ്ഞ് പൊലീസെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണത്തിൻ്റെ പാടുകളാണ് പവൻ റാമിൻ്റെ ശരീരം മുഴുവനുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. നാല് പേരെ പ്രതി ചേർത്താണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളിലൊരാളുടെ സഹോദരി പുത്രിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമെന്ന് പലാവു എസ്പി റിഷ്മ രമേശൻ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തുക. ഗ്രാമത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

Similar Posts