< Back
India
നീ വന്നില്ലെങ്കിൽ അവർ എന്നെ കൊല്ലും: ഇൻസ്റ്റഗ്രാം സന്ദേശം വഴിത്തിരിവായി;19 കാരിയുടെ ആത്മഹത്യ കൊലപാതകം, പിതാവും അമ്മാവനും പ്രതികൾ

PHOTO| Times of India

India

'നീ വന്നില്ലെങ്കിൽ അവർ എന്നെ കൊല്ലും': ഇൻസ്റ്റഗ്രാം സന്ദേശം വഴിത്തിരിവായി;19 കാരിയുടെ ആത്മഹത്യ കൊലപാതകം, പിതാവും അമ്മാവനും പ്രതികൾ

Web Desk
|
19 Nov 2025 9:13 AM IST

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പാലില്‍ മയക്കുമരുന്ന് കലക്കി ബോധരഹിതയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ 19കാരിയെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിലെന്ന് പൊലീസ്. മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പ്രണയത്തെച്ചൊല്ലിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ജൂണിൽ നടന്ന കൊലപാതകത്തിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചു. 1,700 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയത്. പിതാവും അമ്മാവനുമാണ് കേസിലെ പ്രധാന പ്രതികൾ.

ഹരേഷ് ചൗധരി എന്നയാളുമായി കൊല്ലപ്പെട്ട ചന്ദ്രിക ലിവ്-ഇൻറിലേഷനിലായിരുന്നു. ഇതിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. സമുദായത്തിന്റെ ആചാരമനുസരിച്ച് ഈ ബന്ധത്തിൽ കുടുംബത്തിന് തൃപ്തിയുണ്ടായിരുന്നില്ല.തുടർന്ന് കഴിഞ്ഞ മേയിൽ

ചന്ദ്രിക ഹരേഷിനൊപ്പം ഒളിച്ചോടി, ജൂൺ 12 ന് അവളുടെ ബന്ധുക്കളും ലോക്കൽ പൊലീസും ദമ്പതികളെ ?രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. മറ്റൊരു കേസിൽ ഹരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രികയെ കുടുംബം വീട്ടിലേക്ക് കൊണ്ടുവന്നു.പിന്നാലെയാണ് കൊലപാതകം നടന്നത്. ജൂൺ 25നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

വിദ്യാർഥിനിയെ ആദ്യം 50 ഗുളികകൾ നൽകിക്കിടത്തിയതിന് ശേഷം ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ യുവതിയുടെ മൃതദേഹം പിന്നീട് കെട്ടിത്തൂക്കുകയും ചെയ്തു.പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ട് കെമിസ്റ്റുകളുടെ നിർദേശപ്രകാരമാണ് പിതാവും ബന്ധുക്കളും ചേർന്ന് പാലിൽ ഗുളിക പൊടിച്ച് ചേർത്തത്.മരുന്ന് ശരീരത്തിലെത്തിയാൽ വേഗത്തിൽ ബോധരഹിതയാകുമെന്ന് കെമിസ്റ്റുകൾ ഉറപ്പ് നൽകിയതായി ബനസ്‌കന്ത പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ പ്രതികളായ പിതാവ് പിതാവ് സെന്ദ ചൗധരിയും അമ്മാവൻ ശിവറാം ചൗധരിയും 10 സ്ട്രിപ്പ് മരുന്ന് വാങ്ങുകയും മുഴുവൻ പാലിൽ കലക്കിക്കൊടുക്കുകയും ചെയ്തു. ചന്ദ്രികക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന അമ്മാവൻ തന്നെയാണ് പാൽ നൽകിയത്. പാൽ മുഴുവൻ കുടിക്കുന്നത് വരെ അവളുടെ അരികിൽ നിന്ന് അമ്മാവൻ മാറിയിരുന്നില്ല. ചന്ദ്രിക മയങ്ങിയതിന് പിന്നാലെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊല്ലുകയും ആത്മഹത്യാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു.

എന്നെ കൊണ്ടുപോകൂ..നീ വന്നില്ലെങ്കിൽ അവർ എന്നെ കൊല്ലും എന്നാണ് ചന്ദ്രിക ഹരേഷിന് അവസാനമായി അയച്ച സന്ദേശം.

പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരേഷ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. പെൺകുട്ടിയെ ജൂൺ 27 ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ജൂൺ 25 ന് പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് കുടുംബം കോടതിയെ അറിയിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് പിതാവും അമ്മാവനും നാട്ടുകാരെ അറിയിച്ചു. മൃതദേഹം വേഗത്തിൽ ദഹിപ്പിക്കുകയും ചെയ്തു.പിന്നീട് നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്ത് വന്നത്. ദുരഭിമാനക്കൊലയെന്ന് തെളിയിക്കുന്ന 114 സാക്ഷികളുടെ വിവരണങ്ങളും കുറ്റപത്രത്തിലുണ്ട്.

Similar Posts