< Back
India
ക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
India

ക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ

ശരത് ഓങ്ങല്ലൂർ
|
3 Feb 2026 6:14 PM IST

കഞ്ചാവ് ചെടികൾക്കൊപ്പം ഉണക്കി സൂക്ഷിച്ച കഞ്ചാവും ത്രാസും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

തെലുങ്കാന: ക്ഷേത്രത്തിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ജമന്തി ചെടികൾക്കൊപ്പം കഞ്ചാവ് വളർത്തിയ പൂജാരി പിടിയിൽ. ഉണക്കി സൂക്ഷിച്ച കഞ്ചാവും കഞ്ചാവിന്റെ വിത്തുകളും ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മീയ ഗുരുവെന്ന പേരിൽ കഴിഞ്ഞിരുന്ന അവുതി നാഗയ്യയാണ് ഭക്തിയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയിരുന്നത്. 70 ലക്ഷം രൂപയുടെ ലഹരി ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 685 കഞ്ചാവ് ചെടികൾ, 18 കിലോ ഉണക്കി സൂക്ഷിച്ച കഞ്ചാവ്, 800 ഗ്രാം കഞ്ചാവ് വിത്തുകൾ, 30,000 രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവയാണ് പരിശോധനയിൽ ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആരും സംശയിക്കാത്ത തരത്തിൽ പൂന്തോട്ടം പരിപാലിക്കുകയാണെന്ന് വരുത്തിത്തീർത്താണ് നാഗയ്യ കഞ്ചാവ് കൃഷി നടത്തിയത്. കൃഷി ചെയ്ത ശേഷം കഞ്ചാവ് ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. ക്ഷേത്ര പരിസരമായതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല.

സംഗറെഡ്ഡി ഡിസ്ട്രിക്റ്റ് പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഓഫീസറും റെയ്ഡിന് നേതൃത്വം നൽകി. പൂജാരിക്ക് പുറമെ മറ്റാർക്കെങ്കിലും ഇതുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts