< Back
India
വിവാഹത്തിനോ ട്രിപ്പുകൾക്കോ ഒരു കോച്ച് അല്ലെങ്കിൽ ട്രെയിൻ മുഴുവൻ ബുക്ക് ചെയ്യാനാകുമോ? എത്ര രൂപ ചെലവാകും

Representational Image

India

വിവാഹത്തിനോ ട്രിപ്പുകൾക്കോ ഒരു കോച്ച് അല്ലെങ്കിൽ ട്രെയിൻ മുഴുവൻ ബുക്ക് ചെയ്യാനാകുമോ? എത്ര രൂപ ചെലവാകും

Web Desk
|
11 Dec 2025 9:27 AM IST

യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യതയോടും സൗകര്യത്തോടും കൂടി യാത്ര ചെയ്യാനുള്ള അവസരമാണ് എഫ്‍ടിആര്‍ സേവനത്തിലൂടെ റെയിൽവെ പ്രദാനം ചെയ്യുന്നത്

ഡൽഹി: താരതമ്യേന ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമാണ് ട്രെയിൻ യാത്രകൾ. ദീര്‍ഘദൂര യാത്രകൾക്കും സംഘമായി പോകുമ്പോഴുമെല്ലാം ട്രെയിനാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഒപ്പം ഒരു വിവാഹത്തിനോ അല്ലെങ്കിൽ ട്രിപ്പിനോ പോവുകയാണെങ്കിൽ ഒരു കോച്ചോ അല്ലെങ്കിൽ ഒരു ട്രെയിൻ മുഴുവനായോ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയിൽവെ നൽകുന്നുണ്ട്. ഇന്ത്യൻ റെയിൽവെ നൽകുന്ന പൂർണ താരിഫ് നിരക്ക് (FTR) സ്കീം ഉപയോഗിച്ച് വിവാഹങ്ങൾ, പരിപാടികൾ അല്ലെങ്കിൽ ഗ്രൂപ്പ് ടൂറുകൾ എന്നിവക്കായി ആർക്കും ഒരു കോച്ച് അല്ലെങ്കിൽ ഒരു മുഴുവൻ ട്രെയിൻ ബുക്ക് ചെയ്യാനും അവരുടെ വ്യക്തിഗത പ്ലാൻ അനുസരിച്ച് യാത്ര ചെയ്യാനും കഴിയും.

യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യതയോടും സൗകര്യത്തോടും കൂടി യാത്ര ചെയ്യാനുള്ള അവസരമാണ് എഫ്‍ടിആര്‍ സേവനത്തിലൂടെ റെയിൽവെ പ്രദാനം ചെയ്യുന്നത്. ഓൺലൈനായോ സ്റ്റേഷൻ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് റെയിൽവെയുടെ ഔദ്യോഗിക വെബ്സൈറ്റായ ftr.irctc.co.in സന്ദര്‍ശിച്ച ശേഷം ബുക്കിംഗ് തരം, റൂട്ട്, യാത്രാ വിശദാംശങ്ങൾ എന്നിവ തിരഞ്ഞെടുക്കുക. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം, ഒരു റഫറൻസ് നമ്പറും ആവശ്യമായ രജിസ്ട്രേഷൻ തുകയും നൽകും. അതിനുശേഷം, ഈ തുക ആറ് ദിവസത്തിനുള്ളിൽ അടയ്ക്കണം, അല്ലെങ്കിൽ റഫറൻസ് നമ്പർ റദ്ദാക്കപ്പെടും.

ഉദാഹരണത്തിന്, ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യുന്നതിന് ഡെപ്പോസിറ്റായി നൽകേണ്ടത് 50,000 രൂപയാണ്. രണ്ട് ബോഗികൾ ബുക്ക് ചെയ്യണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം. ഒരു ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യണമെങ്കിൽ കുറഞ്ഞത് 18 ബോഗികൾ മുതൽ പരമാവധി 24 ബോഗികൾ വരെ ബുക്ക് ചെയ്യേണ്ടതുണ്ട്. ഇതിൽ രണ്ട് എസ്എൽആര്‍ കോച്ചുകളും ഉൾപ്പെടും. ഇതിനായി ഒൻപത് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. പത്ത് കോച്ചുകൾ ആവശ്യമുണ്ടെങ്കിൽ പോലും 18 കോച്ചുകളുടെ ഡെപ്പോസിറ്റ് നൽകണം.എഫ്ടിആര്‍ സേവനത്തിന് കീഴിൽ 10 കോച്ചുകൾ വരെ ബുക്ക് ചെയ്യാം.

യാത്രക്ക് കുറഞ്ഞത് 30 ദിവസം മുൻപെങ്കിലുും ബുക്കിങ് നടത്തണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷ്യസ്ഥാനവും കോച്ചുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുക. ഇക്കാര്യത്തിൽ റെയിൽവേയാണ് അന്തിമ തീരുമാനമെടുക്കുക. യാത്ര ആരംഭിച്ച ശേഷം യാത്രാ ചെലവ് സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് കുറച്ച് ബാക്കി തുക തിരികെ നൽകും.

സ്റ്റേഷൻ ബുക്കിങ്ങിനായി, പുറപ്പെടുന്ന സ്റ്റേഷനിലെ ചീഫ് ബുക്കിങ് സൂപ്പർവൈസർക്കോ സ്റ്റേഷൻ മാസ്റ്റർക്കോ രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ നൽകിയാൽ യാത്രക്കാർക്ക് റഫറൻസ് നമ്പറും തുകയും അടങ്ങിയ ഒരു സ്ലിപ്പ് ലഭിക്കും. തുടർന്ന് പണമടയ്ക്കൽ യുടിഎസ് കൗണ്ടറിൽ നിക്ഷേപിക്കുകയും അതുവഴി ബുക്കിങ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

Similar Posts