< Back
India
ഷൂസിലും ചെവിയിലും ബ്ലൂടൂത്ത്, ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ പരീക്ഷാഹാളിന് പുറത്ത് ഒരു സംഘം; ഗേറ്റ് പരീക്ഷയിൽ കോപ്പിയടി, 6 പേര്‍ അറസ്റ്റിൽ
India

ഷൂസിലും ചെവിയിലും ബ്ലൂടൂത്ത്, ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ പരീക്ഷാഹാളിന് പുറത്ത് ഒരു സംഘം; ഗേറ്റ് പരീക്ഷയിൽ കോപ്പിയടി, 6 പേര്‍ അറസ്റ്റിൽ

Web Desk
|
16 Feb 2026 12:08 PM IST

പരീക്ഷയിൽ കൃത്രിമം കാണിക്കാൻ പ്രതികൾ സുരക്ഷാ പിഴവ് മുതലെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി

റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഏതാനും ഉദ്യോഗാർഥികൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഹരിയാനയിൽ നിന്നുള്ളവരാണെന്നും പരീക്ഷയിൽ കോപ്പിയടിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയായിരുന്നുവെന്നും റായ്പൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (വെസ്റ്റ് സോൺ) സന്ദീപ് പട്ടേൽ പറഞ്ഞു.

പരീക്ഷയിൽ കൃത്രിമം കാണിക്കാൻ പ്രതികൾ സുരക്ഷാ പിഴവ് മുതലെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷാ കേന്ദ്രത്തിനുള്ളിൽ ഷൂസ് അനുവദിച്ചിരുന്നതിനാൽ, പ്രതികൾ വളരെ സൂക്ഷ്മമായ ബ്ലൂടൂത്ത് ഉപകരണങ്ങൾ അവരുടെ ഷൂസിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഉപകരണങ്ങൾ വളരെ ചെറുതായതിനാൽ അവ കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. പരീക്ഷ ആരംഭിച്ചതിന് ശേഷം ശുചിമുറിയിൽ പോകാനെന്ന വ്യാജേനെ പുറത്തുപോയി ബ്ലൂടൂത്ത് ഓണാക്കുകയും പുറത്തുള്ള കൂട്ടാളികളുമായി ബന്ധപ്പെടുകയുമായിരുന്നു പ്രതികളുടെ പദ്ധതി.അറസ്റ്റിലായ ആറ് പ്രതികളുടെയും പ്രവർത്തനരീതി ഒരു സിനിമാ തിരക്കഥയോട് സാമ്യമുള്ളതായിരുന്നു.

ഇതിൽ മൂന്ന് പേരായിരുന്നു പരീക്ഷാര്‍ഥികൾ. മറ്റുള്ളവര്‍ പുറത്തുനിന്ന് ഇവരെ സഹായിച്ചു. ബ്ലൂടൂത്ത് വഴി പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യങ്ങൾ അയക്കാനും അവര്‍ ഗൂഗിളിലും മറ്റ് സെർച്ച് എഞ്ചിനുകളിലും തിരഞ്ഞ് കൃത്യമായ ഉത്തരങ്ങൾ കൈമാറാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പൊലീസിന്‍റെ കൃത്യമായ ഇടപെടൽ മൂലം പ്രതികളുടെ പദ്ധതി പരാജയപ്പെട്ടു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിഡി നഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പരീക്ഷാ കേന്ദ്രത്തിന് ചുറ്റും പൊലീസ് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.

ഹരിയാനയിൽ നിന്നുള്ള മുഖ്യപ്രതിയാണ് വിദ്യാർഥികൾക്ക് പരിശീലനവും ഉപകരണങ്ങളും നൽകിയതെന്ന് പട്ടേൽ പറഞ്ഞു.എട്ട് മൊബൈൽ ഫോണുകൾ, നാല് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾ, മൂന്ന് ബ്ലൂടൂത്ത് ഇയർപീസുകൾ, കൂടുതൽ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ചോദ്യം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയേക്കാമെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഈ സംഘം മുമ്പ് നിരവധി മത്സര പരീക്ഷകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

Similar Posts