< Back
India
How Drunk Mans Recklessness Claimed 20 Lives In Andhra Bus Fire,

Photo| Special Arrangement

India

20 പേരുടെ ജീവൻ പൊലിഞ്ഞ കുർണൂൽ ബസ് അപകട കാരണം മദ്യപിച്ച് ബൈക്കോടിച്ച യുവാവ്; എങ്ങനെ...?

Web Desk
|
26 Oct 2025 4:28 PM IST

44 യാത്രക്കാരുണ്ടായിരുന്ന ബസിലെ മറ്റ് 24 പേർ‌ അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപെട്ടത്.

അമരാവതി: ആന്ധ്രാപ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ച് 20 പേരുടെ ജീവൻ പൊലിയാൻ കാരണം മദ്യപിച്ച് ബൈക്കോടിച്ച യുവാവെന്ന് പൊലീസ്. കുർണൂലിലെ ചിന്ന തെകുരു ​ഗ്രാമത്തിൽ‌ ഈ മാസം 24ന് രാത്രി രണ്ടരയോടെയായിരുന്നു അപകടം. 44 യാത്രക്കാരുണ്ടായിരുന്ന ബസിലെ മറ്റ് 24 പേർ‌ അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപെട്ടത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തിയത്.

റോഡിൽ മറിഞ്ഞുകിടന്ന ബൈക്കിൽ ബസ് ഇടിച്ചതിനു പിന്നാലെയായിരുന്നു അപകടം. ബസ് ഇടിച്ചതോടെ അടിയിൽ കുടുങ്ങിയ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും ഇത് വൻ തീപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്തെന്നാണ് കണ്ടെത്തിൽ. എന്നാൽ ഇതിന്റെ ഫ്ലാഷ് ബാക്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എങ്ങനെ ഈ ബൈക്ക് ഈ റോഡിൽ വന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

'ശിവശങ്കർ, എരിസ്വാമി എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. രാത്രി അമിതവേ​ഗത്തിൽ വന്ന ബൈക്ക് റോഡിൽ നിയന്ത്രണംവിട്ട് മറിയുകയും ഓടിച്ചിരുന്നയാൾ തത്ക്ഷണം മരിക്കുകയുമായിരുന്നു. ബൈക്കോടിച്ചിരുന്ന ശിവശങ്കറാണ് മരിച്ചത്. ഇയാളും കൂടെയുണ്ടായിരുന്ന എരി സ്വാമിയും മദ്യപിച്ചിരുന്നു'- കുർണൂർ റേഞ്ച് ഡിഐജി കോയ പർവീൻ പറഞ്ഞു.

ശനിയാഴ്ച രാത്രി ഇരുവരും പ്രദേശത്തെ ഒരു ധാബയിൽനിന്ന് ഭക്ഷണം കഴിക്കുകയും തുടർന്ന് മദ്യപിക്കുകയും ചെയ്തെന്ന് സ്വാമി സമ്മതിച്ചതായി ഡിഐജി പറഞ്ഞു. ഒക്ടോബർ 24ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇവർ ലക്ഷ്മിപുരം ഗ്രാമത്തിൽ നിന്ന് ഇരുചക്രവാഹനത്തിൽ കുർണൂൽ ജില്ലയിലെ തുഗ്ഗലി ഗ്രാമത്തിലേക്ക് പോയതെന്നും പോവുന്നതിനിടെ കിയ കാർ ഷോറൂമിന് സമീപത്തെ എച്ച്പി പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കുകയും ചെയ്തതായും കുർണൂൽ എസ്പി വിക്രാന്ത് പാട്ടിൽ പറഞ്ഞു.

പെട്രോൾ പമ്പിൽ ഇവർ എത്തുന്നതും ഇന്ധനം നിറച്ച ശേഷം ശങ്കർ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചുപോവുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അമിതവേ​ഗത്തിൽ യാത്ര തുടരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ തെന്നി മറിയുകയും ശങ്കർ വലതുവശത്തേക്ക് വീഴുകയും ഡിവൈഡറിൽ തലയിടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി.

സ്വാമി ശങ്കറിനെ ഉയർത്തി നോക്കിയെങ്കിലും മരിച്ചിരുന്നതായി എസ്പി പറഞ്ഞു. 'വാഹനം റോഡിൽ നിന്ന് മാറ്റാൻ സ്വാമി ആലോചിക്കുന്നതിനിടെ തന്നെ, അതിവേഗത്തിൽ വന്ന സ്വകാര്യ ബസ് ബൈക്കിനു മുകളിലൂടെ ഇടിച്ചുകയറുകയും കുറച്ചു ദൂരം മുന്നോട്ട് വലിച്ചുകൊണ്ടുപോവുകയും ചെയ്തു'- പാട്ടീൽ വ്യക്തമാക്കി.

ഇതോടെയാണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും ബസിന് തീപിടിക്കുകയും വൻ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തത്. ഇതോടെ ഭയപ്പെട്ടുപോയ സ്വാമി ജന്മനാടായ തു​ഗ്​ഗലിയിലേക്ക് പോയി. എന്നാൽ‌ പിന്നീട്, പൊലീസ് സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ദാരുണമായ അപകടത്തിന്റെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ സ്വാമിയുടെ പരാതിയിൽ ശിവശങ്കറിനെതിരെ പൊലീസ് അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസെടുത്തു.

അതേസമയം, ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബസിലെ രണ്ട് 12 കെവി ബാറ്ററികൾ പൊട്ടിത്തെറിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇതുകൂടാതെ, ബസിലുണ്ടായിരുന്ന 234 സ്മാർട്ട്‌ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതും തീയുടെ തീവ്രത കൂട്ടിയതായി ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള മംഗനാഥ് എന്ന വ്യവസായി ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് പാഴ്‌സലായി അയച്ചതായിരുന്നു 46 ലക്ഷം രൂപ വിലമതിക്കുന്ന 234 സ്മാർട്ട്‌ഫോണുകൾ.

Similar Posts