< Back
India
പമ്പുകളിൽ ഇന്ധന വില കൂട്ടുമോ? രാജ്യത്ത് മതിയായ അളവില്‍ എണ്ണയുണ്ടോ? ഊർജപ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ...
India

പമ്പുകളിൽ ഇന്ധന വില കൂട്ടുമോ? രാജ്യത്ത് മതിയായ അളവില്‍ എണ്ണയുണ്ടോ? ഊർജപ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ...

അൻഫസ് കൊണ്ടോട്ടി
|
24 March 2026 4:09 PM IST

ഹോർമൂസ് കടലിടുക്ക് അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും നിരവധി ഇന്ത്യൻ നാവികർ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും മോദി പാർലമെന്‍റിൽ പറഞ്ഞു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും നിരവധി ഇന്ത്യന്‍ നാവികര്‍ ഹോര്‍മുസ് കടലിടുക്കിൽ കഴിയുകയാണെന്നും പാര്‍ലമെന്റില്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ക്ക് എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും ഇറാനുമായും അമേരിക്കയുമായും ഇസ്രായേലുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

'പശ്ചിമേഷ്യന്‍ സംഘര്‍ഷം നമ്മുടെ രാജ്യത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടേയും വീടുകള്‍ക്കുമൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് നിങ്ങളറിയണം. യുദ്ധമാരംഭിച്ച് മൂന്ന് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ലോകമൊന്നടങ്കം ബാധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന പ്രതിസന്ധി നമ്മുടെ രാജ്യത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് നമ്മുടെ അവശ്യവസ്തുക്കളുടെ ലഭ്യതയെയും ബാധിക്കുന്ന നിലയിലേക്കെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍'. മോദി പറഞ്ഞു.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യന്‍ തയ്യാറെടുപ്പുകളെ കുറിച്ച് ഊന്നിപ്പറഞ്ഞ മോദി, കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യ 53 ലക്ഷം മെട്രിക് ടണ്‍ ഇന്ധനങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അത് ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും വ്യക്തമാക്കി.

'65 ലക്ഷം മെട്രിക് ടണ്‍ എണ്ണ സംഭരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. കഴിഞ്ഞ 10 വര്‍ഷമായി അതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്. നിലവില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായി മതിയായ അളവില്‍ എണ്ണ രാജ്യത്തുണ്ടെന്നാണ് പറയാനുള്ളത്'. മോദി പറഞ്ഞു.

ഷിപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 70,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചിട്ടുണ്ടെന്നും ലഭ്യമാകുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഇന്ധനങ്ങള്‍ സംഭരിക്കാനുള്ള ശ്രമങ്ങളിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും സംഘര്‍ഷത്തില്‍ രാജ്യം സമാധാനത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നതിനിടെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. നൂറുകണക്കിന് കപ്പലുകള്‍ മുന്നോട്ടുകടക്കാനാവാതെ കുടുങ്ങിക്കിടക്കുമ്പോഴും ഇന്ത്യന്‍ കപ്പലുകള്‍ അല്‍പ്പസമയങ്ങള്‍ക്ക് മുന്‍പ് കടലിടുക്ക് കടന്നിരുന്നു. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. കപ്പലുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തെത്തും.

Similar Posts