
ഇനി തട്ടിപ്പിൽ വീഴരുത്; നഷ്ടപ്പെട്ട ആധാർ കാർഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം
|സർക്കാർ സൈറ്റിൽ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്
ന്യുഡൽഹി: പുതിയ കാലത്ത് ആധാർ കാർഡ് അനിവാര്യമായൊരു രേഖയാണ്. മിക്ക സേവനങ്ങൾക്കും ആധാർ കാർഡോ ആധാർ നമ്പറോ നിർബന്ധമാണ്. ചിലരെങ്കിലും നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ കിട്ടും എന്ന് അറിയാത്തവരാണ്. ആധാർ കാർഡുകൾ ഡൗൺ ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് വിവിധ തട്ടിപ്പുകളിൽ പോയി ചാടിയവരും കുറവല്ല. സർക്കാർ സൈറ്റിൽ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന ഡിജിറ്റൽ സേവനമായ ഡിജിലോക്കറിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ ആധാർ കാർഡ് വീണ്ടും ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ രേഖകളോ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സുരക്ഷിത ഓൺലൈൻ പ്ലാറ്റ് ഫോമാണ് ഡിജിലോക്കർ.
ആധാർ കാർഡ് ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1. മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത ഡിജിലോക്കർ ആപ് തുറക്കുക അല്ലെങ്കിൽ digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
2. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3.ഫോണിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകുക.
4. 'Issued Documents' അല്ലെങ്കിൽ 'Get Documents' എന്ന സെക്ഷൻ തെരഞ്ഞെടുക്കുക
5. ആധാർ (Aadhaar) തെരഞ്ഞെടുക്കുക
6. നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക
7.വീണ്ടും ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക
8.ആധാർ ഡൗൺലോഡ് ചെയ്യുക.