
ഇറാനുമായി വ്യാപാരബന്ധം; അമേരിക്കയുടെ 25% തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കും?
|ഇറാനുമായി വ്യപാരബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ന്യൂഡൽഹി: ഇറാനുമായി വ്യപാരബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി വ്യപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന ഏതൊരു വ്യാപാരബന്ധത്തിനും 25 ശതമാനം താരിഫ് നൽകേണ്ടി വരും.' ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ തീരുമാനം ബഹുജന പ്രക്ഷോഭം നേരിടുന്ന ഇറാന് മേൽ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം, ഭക്ഷ്യവിലയിലെ വർധനവ്, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്നുണ്ടായ പ്രതിഷേധം ഇതിനകം 600ലധികം പേരുടെ മരണത്തിനും ആയിരക്കണക്കിന് ആളുകളുടെ അറസ്റ്റിനും കാരണമായിട്ടുണ്ട്.
ഈ നീക്കം ഇന്ത്യയെ ബാധിക്കുമോ?
ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈനയെയാണ് കണക്കാക്കപ്പെടുന്നതെങ്കിലും മറ്റ് പങ്കാളികളായ ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി എന്നിവയെയും തീരുവ തീരുമാനം ബാധിച്ചേക്കും. തെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം, 0.44 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. വർഷത്തിൽ ഇറാനുമായി ഇന്ത്യ 1.68 ബില്യൺ ഡോളറിന്റെ (ഏകദേശം 14,000 - 15,000 കോടി രൂപ) വ്യാപാരം നടത്തുന്നുണ്ട്. ട്രേഡിംഗ് ഇക്കണോമിക്സിന്റെ റിപ്പോർട്ട് പ്രകാരം ഇവയിൽ ഏറ്റവും വലിയ പങ്ക് 512.92 മില്യൺ ഡോളർ വിലമതിക്കുന്ന ജൈവ രാസവസ്തുക്കളാണ്. ഇത് കൂടാതെ പഴങ്ങൾ, പരിപ്പ്, സിട്രസ് പഴങ്ങളുടെ തൊലികൾ, തണ്ണിമത്തൻ എന്നിവയിൽ 311.60 മില്യൺ ഡോളറിന്റെ വ്യാപാരവും ഇന്ത്യൻ ഇറാനുമായി നടത്തുന്നുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള മറ്റൊരു പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ചബഹാർ തുറമുഖം. 2015ൽ ഇരു രാജ്യങ്ങളും സംയുക്തമായി തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. മേഖലയിലുടനീളം വാണിജ്യപരവുമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഈ തുറമുഖം പ്രവർത്തിക്കുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഇതിനകം 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തിയിട്ടുണ്ട്. ഇത് 75 ശതമാനമായി വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയും നിലനിൽക്കുന്നു. ഇറാന്റെ പ്രധാനപ്പെട്ട അഞ്ച് വ്യാപാര പങ്കാളികളിൽ ഒന്നായ ഇന്ത്യക്ക് ഇറാനുമായി ബന്ധപ്പെട്ട പുതിയ താരിഫ് നിലവിലുള്ള വ്യാപാര സമ്മർദ്ദങ്ങളെ കൂടുതൽ സങ്കീർണമാക്കും. അമേരിക്കൻ ഉപരോധങ്ങൾ കാരണം 2019 മുതൽ ഇന്ത്യ ഇറാനിയൻ എണ്ണ ഇറക്കുമതി കുറച്ചുവെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല യുഎസ് താരിഫ് തുടർച്ചയായി നടപ്പിലാക്കുന്നതും അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം സംരക്ഷിക്കുന്നതിനുമായി ഇറാനുമായുള്ള ഇടപാടുകൾ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരാക്കും. എന്നാൽ ട്രംപിന്റെ ആഗോള താരിഫുകളുടെ നിയമസാധുത സംബന്ധിച്ച് യുഎസ് സുപ്രിം കോടതിയുടെ വരാനിരിക്കുന്ന തീരുമാനമാണ് അവസാന വാക്കാവുക. ഇറാനുമായി വ്യാപാരംബന്ധമുള്ള രാജ്യങ്ങൾക്ക് മേലുള്ള ട്രംമ്പിന്റെ തീരുവ തീരുമാനത്തിന് കോടതി അംഗീകാരം നല്കാതിരിക്കാനുള്ള സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബുധനാഴ്ചയാണ് കോടതിയുടെ വിധി വരുന്നത്.