< Back
India
ആർഎസ്എസ് എന്തുകൊണ്ടാണ് നികുതി അടയ്ക്കാത്തത്? എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ല?: പ്രിയങ്ക് ഖാര്‍ഗെ
India

ആർഎസ്എസ് എന്തുകൊണ്ടാണ് നികുതി അടയ്ക്കാത്തത്? എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ല?: പ്രിയങ്ക് ഖാര്‍ഗെ

Web Desk
|
16 Feb 2026 1:54 PM IST

പക്ഷേ പണത്തിന്‍റെ ഉറവിടം ചോദിച്ചാൽ അവർ നമ്മളോട് 'ഗുരു ദക്ഷിണ' എന്ന് പറയും

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ(ആര്‍എസ്എസ്) സാമ്പത്തിക സ്രോതസ്സുകളെയും സുതാര്യതയെയും ചോദ്യം ചെയ്ത് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടുകൾ എവിടെ നിന്ന് വരുന്നുവെന്നും അത് എങ്ങോട്ട് പോകുന്നുവെന്നും വ്യക്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ പൗരന്മാർ വരുമാന നികുതി കൃത്യമായി അടയ്ക്കണമെന്ന് പറയുന്ന ആർഎസ്എസ്, നികുതി പരിശോധനകളിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കുന്നത് എങ്ങനെയെന്ന് ഖാര്‍ഗെ ചോദിച്ചു. "ആർഎസ്എസുമായി ഏകദേശം 2,500 സംഘടനകൾ ബന്ധപ്പെട്ടിരിക്കുന്നു. യുഎസ്, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ, ആർഎസ്എസിന് പിന്നിൽ ഒരു വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് ഉണ്ടെന്ന് പറയാം'' ബംഗളൂരുവിൽ ഒരു സ്വകാര്യ പരിപാടിയിൽ ഖാർഗെ പറഞ്ഞു.

"പക്ഷേ പണത്തിന്‍റെ ഉറവിടം ചോദിച്ചാൽ അവർ നമ്മളോട് 'ഗുരു ദക്ഷിണ' എന്ന് പറയും. പക്ഷേ ഇത് എവിടെ നിന്ന് വരുന്നു? ആരാണ് ഇത് നൽകുന്നത്? ആർഎസ്എസ് എന്തുകൊണ്ടാണ് നികുതി അടയ്ക്കാത്തത്? മറ്റുള്ളവരുടെ ഓരോ രൂപയും കണക്കിൽ എടുക്കുമ്പോൾ... അവരുടെ പണത്തിനും ചെലവുകൾക്കും ഉത്തരവാദിത്തമില്ലാത്തത് എന്തുകൊണ്ട്?ആർഎസ്എസ് സംഘടന ഭരണഘടനയുടെയും നിയമത്തിന്റെയും കീഴിൽ രജിസ്റ്റർ ചെയ്യുന്നത് വരെ ഞാൻ ഇത് പറഞ്ഞു കൊണ്ടിരിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് വ്യക്തികളുടെ സംഘടനയാണെന്നും അതിനാൽ അത് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖാര്‍ഗെ. "ബാംഗ്ലൂർ ക്ലബ് വ്യക്തികളുടെ ഒരു കൂട്ടായ്മയാണ്. പക്ഷേ അവർ രജിസ്റ്റർ ചെയ്തിട്ടില്ലേ? അവർ നികുതി അടയ്ക്കുന്നില്ലേ?" അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസും ബിജെപിയും പിശാചും അതിന്‍റെ നിഴലുമാണെന്നും ഖാര്‍ഗെ പറഞ്ഞു. സംഘടനയെ ഭരണഘടനാപരവും നിയമപരവുമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.

Similar Posts