
പൂട്ടിക്കിടന്ന കടമുറിയിൽനിന്ന് മനുഷ്യന്റെ തലച്ചോറും ശരീരഭാഗങ്ങളും കണ്ടെത്തി
|കടയ്ക്കുള്ളിൽനിന്ന് ഏതാനും ദിവസങ്ങളായി ദുർഗന്ധം വരുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രി സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചത്.
മഹാരാഷ്ട്രയിൽ പൂട്ടിക്കിടന്ന കടമുറിയ്ക്കുള്ളിൽനിന്ന് മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി. മുംബൈ നാകെ മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ളതും പൂട്ടിക്കിടക്കുന്നതുമായ കടയ്ക്കുള്ളിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
കടയ്ക്കുള്ളിൽ നിറയെ ആക്രിസാധനങ്ങളായിരുന്നു. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ തുറന്നപ്പോൾ മനുഷ്യന്റെ ചെവികൾ, തലച്ചോറ്, കണ്ണുകൾ, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ലഭിച്ചു. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘം ഇവ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
കടയ്ക്കുള്ളിൽനിന്ന് ഏതാനും ദിവസങ്ങളായി ദുർഗന്ധം വരുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രി സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചത്.
കടയുടമയുടെ രണ്ടു മക്കൾ മെഡിക്കൽ വിദ്യാർഥികളാണെന്നും ശരീരഭാഗങ്ങൾ പഠനത്തിനാവശ്യത്തിനായി സൂക്ഷിച്ചുവെച്ചതാവാമെന്നും പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ രാസവസ്തുക്കളിൽ മുക്കിവെച്ച നിലയിലായിരുന്നു. അതേസമയം ശരീരഭാഗങ്ങൾ എങ്ങനെ തന്റെ കെട്ടിടത്തിൽ വന്നുവെന്ന് അറിയില്ലെന്ന് ഉടമ പൊലീസിനോട് പറഞ്ഞു.