< Back
India
IPS Officer UP Electricity Connection ഐപിഎസ് ഓഫീസർ യുപി വൈദ്യുതി കണക്ഷൻ
India

നൂര്‍ജഹാനിനി ഇരുട്ടിലല്ല; യു.പിയില്‍ 70 കാരിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് ഐ.പി.എസ് ഓഫീസര്‍

Web Desk
|
27 Jun 2023 8:11 PM IST

ഒറ്റക്ക് താമസിക്കുന്ന നൂര്‍ജഹാന്‍ തന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു

ലഖ്‌നൗ: യു.പിയില്‍ 70 കാരിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച സന്തോഷം പങ്കുവെച്ച് ഐ.പി.എസ് ഓഫീസര്‍ അനുകൃതി ശര്‍മ. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അനുകൃതി 70 കാരിയായ നൂര്‍ജഹാന്റെ വീട്ടില്‍ വൈദ്യുത കണക്ഷന്‍ എത്തിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒറ്റക്ക് താമസിക്കുന്ന നൂര്‍ജഹാന്‍ തന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ലൈറ്റും ഫാനും വാങ്ങിക്കൊണ്ട് വയോധികയുടെ വീട്ടിലെത്തുകയായിരുന്നു.

വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എത്തിയതോടെ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞ നൂര്‍ജഹാന്‍ ഐ.പി.എസ് ഓഫീസറെ കെട്ടിപ്പിടിക്കുന്നതും, മധുരം പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാം.

' ഇതെന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ്. നൂര്‍ജഹാന്‍ ആന്റിയുടെ വീട്ടിലേക്ക് വെദ്യുതിയെത്തിച്ചത് അവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. ആ നിമിഷത്തില്‍ അവരുടെ മുഖത്ത് നിറഞ്ഞുനിന്ന സന്തോഷത്താല്‍ ഞാന്‍ സംതൃപ്തയാണ്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി' അനുകൃതി ശര്‍മ ട്വീറ്റ് ചെയ്തു.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. നിരവധി ആളുകളാണ് ഐ.പി.എസ് ഓഫീസര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

Similar Posts