
ജ്യോത്സ്യന്റെ നിർദേശപ്രകാരം നരബലി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
|ജി.എച്ച് പ്രഭാകർ കൊല്ലപ്പെട്ട കേസിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ആനന്ദ് റെഡ്ഡിയെയും ജ്യോത്സ്യൻ രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ജ്യോത്സ്യന്റെ നിർദേശപ്രകാരം നരബലി നടത്തിയ യുവാവ് അറസ്റ്റിൽ. ചിത്രദുർഗയിലെ ചല്ലക്കെരെയിലാണ് സംഭവം. ജി.എച്ച് പ്രഭാകർ കൊല്ലപ്പെട്ട കേസിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ആനന്ദ് റെഡ്ഡിയെയും ജ്യോത്സ്യൻ രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയെത്തിയ റെഡ്ഡിയോട് നരബലി നടത്തിയാൽ നിധി ലഭിക്കുമെന്ന് രാമകൃഷ്ണ പറഞ്ഞിരുന്നു. ഭൂമിയിൽ നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും അത് സ്വന്തമാക്കണമെങ്കിൽ മാരാമ്മ ദേവിക്ക് നരബലി നടത്തണം എന്നുമായിരുന്നു രാമകൃഷ്ണ യുവാവിനോട് പറഞ്ഞത്.
ഇത് വിശ്വസിച്ച് കൊലപാതകം ആസൂത്രണം ചെയ്ത റെഡ്ഡി ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കർണാടക-ആന്ധ്ര അതിർത്തിയിലാണ് പ്രഭാകറിന്റെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടലിൽ പാചക തൊഴിലാളിയാണ് അറസ്റ്റിലായ ആനന്ദ് റെഡ്ഡി. ചിത്രദുർഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആളായിരുന്നു പ്രഭാകർ.