< Back
India
ഞാൻ ഗാന്ധിവാദിയല്ല, നേതാവാദി; സവർക്കറുടെ സംഭാവന രാജ്യം വിസ്മരിച്ചു: കങ്കണ
India

ഞാൻ ഗാന്ധിവാദിയല്ല, നേതാവാദി; സവർക്കറുടെ സംഭാവന രാജ്യം വിസ്മരിച്ചു: കങ്കണ

Web Desk
|
11 Sept 2022 6:45 PM IST

സമരം കൊണ്ടോ ദണ്ഡിമാർച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഉയർത്തിക്കാട്ടപ്പെടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു.

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസും വി.ഡി സവർക്കറും സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകൾ രാജ്യം വിസ്മരിച്ചെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. താനൊരു ഗാന്ധിവാദിയല്ല, നേതാജി സുഭാഷ് ചന്ദ്രബോസ്‌വാദിയാണ്. ഇത് കേൾക്കുമ്പോൾ ചിലർക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷേ, ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ടാകും. സമരം കൊണ്ടോ ദണ്ഡിമാർച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഉയർത്തിക്കാട്ടപ്പെടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു. ഡൽഹിയിൽ രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം.

നേതാജി ലോകം മുഴുവൻ സഞ്ചരിച്ച് ഇന്ത്യയിലെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും സ്വന്തം സൈന്യത്തെയുണ്ടാക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാർക്ക് വൻ സമ്മർദമുണ്ടാക്കി. അവർക്ക് തോന്നിയവർക്കാണ് അവർ അധികാരം കൈമാറിയത്. നേതാജിക്ക് അധികാരത്തോട് ആർത്തിയില്ലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ ആർത്തി. അതിനായി പ്രവർത്തിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു- കങ്കണ പറഞ്ഞു.

സെപ്റ്റംബർ എട്ടിനാണ് ഡൽഹിയിൽ 'കർത്തവ്യപഥ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയാണ് കർത്തവ്യപഥ്. നേരത്തെ രാജ്പഥ് എന്നായിരുന്നു ഇതിന്റെ പേര്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇന്ത്യാഗേറ്റിൽ മോദി അനാച്ഛാദനം ചെയ്തു.

Similar Posts