India
Brij Bhushan

ബ്രിജ് ഭൂഷണ്‍

India

രാജി വയ്ക്കില്ല,താന്‍ നിരപരാധിയെന്ന് ബ്രിജ് ഭൂഷണ്‍

Web Desk
|
29 April 2023 11:52 AM IST

അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഡല്‍ഹി പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍. താന്‍ നിരപരാധിയാണെന്നും ഫെഡറേഷൻ അധ്യക്ഷൻ സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


"ഞാൻ നിരപരാധിയാണ്, അന്വേഷണം നേരിടാൻ തയ്യാറാണ്, അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്.എനിക്ക് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്, സുപ്രിം കോടതിയുടെ ഉത്തരവിനെ ഞാൻ മാനിക്കുന്നു''ബ്രിജ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് ഭൂഷന്‍റെ വാര്‍ത്താസമ്മേളനം. ബ്രിജ് ഭൂഷൺ ഡബ്ല്യു.എഫ്‌.ഐ മേധാവി സ്ഥാനം രാജിവയ്ക്കണമെന്ന ഗുസ്തിക്കാരുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രാജി വലിയ കാര്യമല്ലെന്നും താന്‍ കുറ്റവാളിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. '' ഞാൻ രാജിവച്ചാൽ, അവരുടെ (ഗുസ്തിക്കാരുടെ) ആരോപണങ്ങൾ ഞാൻ അംഗീകരിച്ചുവെന്നാണ് അർത്ഥമാക്കുന്നത്. എന്‍റെ കാലാവധി ഏതാണ്ട് അവസാനിച്ചു. സർക്കാർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു, 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും, തെരഞ്ഞെടുപ്പിന് ശേഷം എന്‍റ് കാലാവധി അവസാനിക്കും'' ബ്രിജ് ഭൂഷണ്‍ പറഞ്ഞു.



ലൈംഗിക പീഡന പരാതിയിൽ രണ്ട് എഫ്.ഐ.ആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ കേസും മറ്റ് ആറ് താരങ്ങളുടെ പരാതിയിൽ ഐപിസി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത് . സുപ്രിം കോടതി ഇടപെടലിന് പിന്നാലെയാണ് നടപടി . അതേസമയം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് താരങ്ങളുടെ തീരുമാനം. ഡൽഹി ജന്ദർ മന്തറിലെ സമരം ഏഴ് ദിവസം പിന്നിട്ടു . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ സമരപ്പന്തലിൽ എത്തും.

താരങ്ങൾക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമരപ്പന്തലിലെത്തി.ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു .താരങ്ങൾക്ക് നീതി ലഭിക്കുന്നില്ല. രാജ്യം മുഴുവൻ താരങ്ങളോടൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.



Related Tags :
Similar Posts