
എനിക്ക് മുസ്‌ലിം വോട്ട് വേണ്ട, അതിനായി അവരുടെയടുത്ത് പോവാറുമില്ല: യുപി ബിജെപി എംഎൽഎ
|പരാമർശത്തിൽ പ്രതിരോധത്തിലായതോടെ പാർട്ടി നേതൃത്വം എംഎൽഎയുടെ പരാമർശം തള്ളി.
ലഖ്നൗ: തനിക്ക് മുസ്‌ലിം വോട്ട് വേണ്ടെന്നും ഒരിക്കലും വോട്ട് ചോദിച്ച് അവരുടെയടുക്കൽ പോവില്ലെന്നും യുപിയിലെ ബിജെപി എംഎൽഎ. ജഗദീഷ്പൂർ എംഎൽഎ സുരേഷ് പാസിയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തിയത്. പരാമർശം വിവാദമായതോടെ എംഎൽഎയെ തള്ളി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി.
'ഞാൻ ഒരിക്കലും പള്ളികൾ സന്ദർശിച്ചിട്ടില്ല. മുമ്പും സന്ദർശിച്ചിട്ടില്ല, ഭാവിയിൽ സന്ദർശിക്കുകയുമില്ല. ഞാൻ അവരുടെയടുത്ത് വോട്ട് ചോദിക്കാൻ പോകാറില്ല. അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കെടുക്കാറുമില്ല. എനിക്ക് മുസ്‌ലിം വോട്ട് ആവശ്യമില്ല. എന്റെ നിലപാട് കൃത്യമാണ്'- എംഎൽഎ വിശദമാക്കി.
പരാമർശത്തിൽ പ്രതിരോധത്തിലായതോടെ പാർട്ടി നേതാക്കൾ എംഎൽഎയുടെ പരാമർശം തള്ളി. സുരേഷ് പാസിയുടെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് ജില്ലാ പ്രസിഡന്റ് സുധാൻശു ശുക്ല പ്രതികരിച്ചു. 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടേയും വിശ്വാസം- എന്നതാണ് ബിജെപി മുദ്രാവാക്യം. ഇതാണ് ബിജെപിയുടെ നിലപാട്. സുരേഷ് പാസി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്'- ശുക്ല വ്യക്തമാക്കി.
പാസിയുടെ പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രസ്താവനയെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗാൾ, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ ഉപയോഗിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി.
'വോട്ട് നേടാനായി ഒരു സഹോദരനെ മറ്റൊരു സഹോദരനെതിരെയും ഒരു മതത്തെ മറ്റൊരു മതത്തിനെതിരെയും ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും പോരടിപ്പിക്കാൻ അവർ ശ്രമിക്കുന്നു. ഇതെല്ലാം നാടകമാണ്'- സിംഗാൾ ആരോപിച്ചു. സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എംഎൽഎയുടെ പ്രസ്താവനയെന്ന് സമാജ്‌വാദി പാർട്ടി ജില്ലാ പ്രസിഡന്റ് രാം ഉദിത് യാദവ് പറഞ്ഞു.
'മുസ്‌ലിം- ഹിന്ദു ഭിന്നിപ്പുണ്ടാക്കലാണ് ബിജെപി രാഷ്ട്രീയം. സുരേഷ് പാസി ആ പാർട്ടിക്കാരനാണ്. വോട്ടിനായി ബിജെപിക്ക് ഏതറ്റം വരെയും പോകാം'- യാദവ് കൂട്ടിച്ചേർത്തു.