< Back
India
‘I Love Mohammed’ signboard broken by Hindutva outfit, yet 25 Muslims booked
India

നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡ് നശിപ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ; മുസ്‌ലിം യുവാക്കൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്

Web Desk
|
16 Sept 2025 4:29 PM IST

'ഐ ലൗ മുഹമ്മദ്' എന്ന് എഴുതിയ ബോർഡാണ് നശിപ്പിച്ചത്

കാൺപൂരിൽ: ഉത്തർപ്രദേശിലെ കാൺപൂരിൽ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡ് നശിപ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. 'ഐ ലൗ മുഹമ്മദ്' എന്ന് എഴുതിയ ബോർഡാണ് നശിപ്പിച്ചത്. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി പരസ്യമായാണ് ബോർഡ് നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം 12 മുസ്‌ലിം യുവാക്കൾക്കും തിരിച്ചറിയാനാവാത്ത 14-15 പേർക്കെതിരെയുമായി കേസെടുത്തത്.

സബ് ഇൻസ്‌പെക്ടർ പങ്കജ് ശർമയുടെ പരാതിയിൽ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 196, 299 പ്രകാരമാണ് കേസെടുത്തത്. ഷറഫത്ത് ഹുസൈൻ, സബ്‌നൂർ ആലം, ബാബു അലി, മുഹമ്മദ് സിറാജ്, റഹ്‌മാൻ, ഇക്‌റാം അഹമ്മദ്, ഇഖ്ബാൽ, ബുണ്ടി, കുന്നു കബഡി എന്നിവർക്കും തിരിച്ചറിയാനാവാത്ത 15 പേർക്കെതിരെയുമാണ് കേസ്. എല്ലാവരും സയ്യിദ് നഗറിൽ താമസിക്കുന്നവരാണ്.

സെപ്റ്റംബർ നാലിന് സയ്യിദ് നഗറിൽ നബിദിനത്തിന്റെ ഭാഗമായി ഒരു ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് അഭിഭാഷകനായ മുഹമ്മദ് ഇമ്രാൻ ഖാൻ പറഞ്ഞു. 'ഐ ലൗ മുഹമ്മദ്' എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പുതിയ രീതിയാണെന്നും ഇവിടെ അനുവദിക്കില്ലെന്നും പറഞ്ഞ് മോഹിത് ബാജ്പയി എന്നയാളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹിന്ദുത്വ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നും നഗരത്തിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ നിരന്തരം ശ്രമം നടത്താറുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

സംഘർഷാവസ്ഥ ഉടലെടുത്തതോടെ വൻ പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ ബോർഡ് നീക്കം ചെയ്തു. സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ മുസ്‌ലിം സംഘടനാ നേതാക്കൾ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

തങ്ങളുടെ പരാതി പൊലീസ് രജിസ്റ്റർ ചെയ്തില്ല. ഇരകൾക്ക് എതിരെയാണ് കേസെടുത്തത്. കലാപവും വർഗീയ സംഘർഷവും സൃഷ്ടിച്ചവർക്കെതിരെ ഒരു നടപടിയുമില്ല. അവർ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും അഡ്വ. ഇമ്രാൻ ഖാൻ പറഞ്ഞു.

Similar Posts