< Back
India
I Swear On Quran I Didnt Seek Alliance With BJP Says Omar Abdullah

Photo| Special Arrangement

India

ഖുർആൻ ആണെ സത്യം, ഒരു കാര്യത്തിനും ഞാൻ ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചിട്ടില്ല: ഉമർ അബ്ദുല്ല

Web Desk
|
10 Nov 2025 4:32 PM IST

ജമ്മു കശ്മീർ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സുനിൽ ശർമ ഉയർത്തിയ ആരോപണങ്ങൾക്കാണ് ഉമർ അബ്ദുല്ലയുടെ മറുപടി.

ശ്രീന​ഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാ‌‌‌നായി 2024ൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 2024ൽ സംസ്ഥാന പദവിക്കോ മറ്റേതെങ്കിലും കാരണത്തിനോ ബിജെപിയുമായി താൻ സഖ്യത്തിന് ശ്രമിച്ചില്ലെന്ന് വിശുദ്ധ ഖുർആനെക്കൊണ്ട് സത്യം ചെയ്യുന്നതായി ഉമർ അബ്ദുല്ല പറഞ്ഞു. ബിജെപി നേതാവ് സുനിൽ ശർമയെപ്പോലെ, ‌താൻ ഉപജീവനത്തിനായി കള്ളം പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീർ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സുനിൽ ശർമ ഉയർത്തിയ ആരോപണങ്ങൾക്കാണ് ഉമർ അബ്ദുല്ലയുടെ മറുപടി. ജമ്മു കശ്മീരിൽ ബിജെപിക്കെതിരെ പോരാടുന്നത് നാഷണൽ കോൺഫറൻസ് മാത്രമാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു. സംസ്ഥാന പദവിക്ക് പകരമായി ബിജെപിയുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നു പറഞ്ഞ് ഉമർ അബ്ദുല്ല ഡൽഹിയിൽ ബിജെപിയെ സമീപിച്ചെന്നായിരുന്നു സുനിൽ ശർമയുടെ ആരോപണം.

'2014ലും ജമ്മു കശ്മീരിൽ സഖ്യ സർക്കാർ രൂപീകരിക്കാനും ഉമർ അബ്ദുല്ല ബിജെപിയെ സമീപിച്ചിരുന്നെന്ന് ശർമ നേരത്തെ ആരോപിച്ചിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ ബിജെപിയുമായി സഖ്യത്തിന് തയാറാണെന്ന് 2024ൽ വീണ്ടും ഡൽഹിയിലെത്തി ഉമർ അബ്ദുല്ല വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷത്ത് ഇരിക്കാൻ ബിജെപിക്ക് അധികാരം ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മറുപടി നൽകി'.

'സംസ്ഥാനത്ത് സർക്കാരുണ്ടാക്കാനുള്ള വാ​ഗ്ദാനവുമായി ഡൽഹിയിലെത്തി ബിജെെപി നേതാക്കളെ കണ്ടിട്ടില്ലെന്ന് പള്ളിയിൽ പോയി ഖുർആൻ എടുത്ത് സത്യം ചെയ്യാൻ ഉമർ അബ്ദുല്ലയെ വെല്ലുവിളിക്കുന്നു. ഉമർ അബ്ദുല്ലയ്ക്ക് അതിന് കഴിയില്ല. പക്ഷേ ഞങ്ങൾ എവിടെയും സത്യം ചെയ്യാൻ തയാറാണ്'- എന്നായിരുന്നു ബുദ്​ഗാമിലെ തെരഞ്ഞെടുപ്പ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുനിൽ ശർമയുടെ പ്രതികരണം.

ഇന്ന് രാവിലെ ബുദ്ഗാമിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മൊഹ്‌സിനെ പിന്തുണച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയും ബിജെപിയുമായി രഹസ്യ കരാറുകളൊന്നുമില്ലെന്ന് പരസ്യമായി വ്യക്തമാക്കാൻ ഉമർ അബ്ദുല്ലയെ ശർമ വെല്ലുവിളിച്ചിരുന്നു.

Similar Posts