< Back
India
raj thackeray
India

'ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടുക പോലും ചെയ്യില്ല'; രാജ് താക്കറെ

Web Desk
|
10 March 2025 10:00 AM IST

ജനങ്ങൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടണം

മുംബൈ: ഗംഗാനദിയിലെ മാലിന്യ പ്രശ്നം ഉന്നയിച്ച് മഹാരാഷ്ട്ര നവനിര്‍മാൺ സേന അധ്യക്ഷൻ രാജ് താക്കറെ. ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം താൻ തൊട്ടുപോലും നോക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാ കുംഭമേളയിൽ നിന്ന് കൊണ്ടുവന്ന വെള്ളം കുടിക്കാൻ താൻ വിസമ്മതിച്ചതായും താക്കറെ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ 19-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ജനങ്ങൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടണം. ദശലക്ഷക്കണക്കിനാളുകൾ സ്നാനം ചെയ്ത ഗംഗയിലെ ജലം ഞാൻ തൊട്ടുപോലും നോക്കില്ല. ‘വിശ്വാസത്തിനും ചില അര്‍ത്ഥങ്ങളുണ്ടായിരിക്കണം. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. വിദേശരാജ്യങ്ങളില്‍ നദികളെ മാതാവെന്ന് വിളിക്കാറില്ല. അവയൊന്നും മലിനവുമല്ല, മറിച്ച് സഫ്ടിക ശുദ്ധമാണ്. നമ്മുടെ രാജ്യത്ത്, മലിനമായ എല്ലാ വെള്ളവും നദികളിലേക്ക് തള്ളപ്പെടുന്നു'' താക്കറെ പറഞ്ഞു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഗംഗാ നദി മാലിന്യ മുക്തമാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇന്ന് വരെ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എംഎൻഎസ് നേതാവ് ബാല നന്ദ്ഗാവോങ്കർ 2025 ലെ മഹാ കുംഭമേളയിൽ നിന്ന് പുണ്യജലം കൊണ്ടുവന്നെങ്കിലും അത് കുടിക്കാൻ താൻ വിസമ്മതിച്ചുവെന്ന് എംഎൻഎസ് മേധാവി വ്യക്തമാക്കി. “ബാല നന്ദ്ഗാവ്കർ എനിക്ക് വേണ്ടി കുറച്ച് ഗംഗാ ജലം കൊണ്ടുവന്നിരുന്നു. ഞാൻ പറഞ്ഞു, ഞാൻ കുളിക്കാൻ പോകുന്നില്ല. ആ വെള്ളം ആര് കുടിക്കും? കോവിഡ് മാറിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ...ആളുകൾ ഇപ്പോഴും മാസ്ക് ധരിച്ച് പുറത്ത് കറങ്ങി നടക്കുന്നു. ഇപ്പോൾ ഗംഗയിൽ കുളിക്കാൻ പോകുന്നു'' രാജ് താക്കറെ ചൂണ്ടിക്കാട്ടി.

''ഗംഗാ നദിയിൽ കുളിക്കുമ്പോൾ ആളുകൾ സ്വയം വൃത്തിയാക്കുന്നതായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളിൽ കാണുന്നു. പറയൂ, ആ വെള്ളം ആരാണ് കുടിക്കുക?" താക്കറെ കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജിലെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ 'ഫെക്കൽ കോളിഫോം' ബാക്ടീരിയ കണ്ടെത്തിയതിനെത്തുടർന്ന് കുളിക്കാൻ അനുയോജ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ പരാമർശം.എന്നിരുന്നാലും, ഗംഗാ നദിയിലെ വെള്ളം പൂർണമായും സുരക്ഷിതമാണെന്നും പോലെ ശുദ്ധമാണെന്നും യുപി സർക്കാർ ആവര്‍ത്തിച്ചു.

Similar Posts