< Back
India
IAF Pilot Wing Commander identified as Killed In Tejas Crash At Dubai Airshow

Photo| Special Arrangement

India

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് മരിച്ചത് വ്യോമസേനാ വിങ് കമാൻഡർ നമാൻഷ് സ്യാൽ

Web Desk
|
21 Nov 2025 10:26 PM IST

ദുബൈ എയർഷോയിൽ എട്ട് മിനിറ്റ് നീണ്ടുനിന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു തേജസ് വിമാനം തകർന്നുവീണത്.

ദുബൈ: ദുബൈ എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് മരിച്ച പൈലറ്റ് വ്യോമസേനാ വിങ് കമാൻഡർ നമാൻഷ് സ്യാൽ. 37കാരനായ ഇദ്ദേഹം ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ് സ്വദേശിയാണ്.

പൈലറ്റിന്റെ മരണത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ധീരനും സമർപ്പിതനും ധീരനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

'ദുബൈ എയർഷോയിൽ തേജസ് വിമാനാപകടത്തിൽ ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയുടെ ധീരപുത്രനായ നമാൻഷ് സ്യാലിന്റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. ധീരനും സമർപ്പിതനും ധീരനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായത്. അഗാധമായ അനുശോചനം അറിയിക്കുന്നു. ധീരനായ മകന് സല്യൂട്ട്. സായലിന്റെ രാഷ്ട്രസേവനത്തിനായുള്ള അപാരമായ ധൈര്യത്തിനും സമർപ്പണത്തിനും ഹൃദയംഗമമായ സല്യൂട്ട്'- മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

ദുബൈ എയർഷോയിൽ എട്ട് മിനിറ്റ് നീണ്ടുനിന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു തേജസ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം ഉച്ചക്ക് 2.10നാണ് അഭ്യാസപ്രകടനം ആസ്വദിക്കാൻ തടിച്ചുകൂടിയവരെ നടുക്കി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം താഴേക്ക് പതിച്ചത്.

വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾക്ക് ശേഷം മൂന്നാമതായാണ് തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനം നിശ്ചയിച്ചിരുന്നത്. പ്രകടനത്തിനായി ഉയർന്നുപൊങ്ങി ആകാശത്ത് വട്ടമിട്ട പിന്നീട് വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.

തേജസ് വിമാനം തകർന്നുവീണതിനെ തുടർന്ന് ദുബൈ എയർഷോയുടെ അവസാനദിവസം നടക്കേണ്ടിയിരുന്ന മറ്റ് പരിപാടികൾ റദ്ദാക്കി. കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനം തകർന്നുവീഴാനുള്ള കാരണം സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ദുബൈ എയർഷോ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തേജസ് വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് വിവാദം ഉടലെടുത്തിരുന്നു. വിമാനത്തിന് എണ്ണച്ചോർച്ചയുണ്ട് എന്നായിരുന്നു സോഷ്യൽമീഡിയയിലെ പ്രചാരണം. എന്നാൽ ഈ ആരോപണം നിഷേധിച്ച കേന്ദ്രസർക്കാർ വിമാനത്തിൽ കട്ടിപിടിച്ചുനിൽക്കുന്ന വെള്ളം ചോർത്തികളയുന്ന നടപടി ദുർവാഖ്യാനം ചെയ്തു എന്നാണ് വിശദീകരിച്ചത്.

Similar Posts