< Back
India
IB , false bomb alert, വ്യാജബോംബ് ഭീഷണി
India

ഇൻഡിഗോ വിമാനത്തിന് വ്യാജബോംബ് ഭീഷണി: ഐബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Web Desk
|
10 Dec 2024 3:52 PM IST

കഴിഞ്ഞ 14 നാണ് ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡൽ പറഞ്ഞത്

റായ്‌പൂർ: ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ കേസിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയർത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.

അനിമേഷ് മണ്ഡൽ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയർത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡൽ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്‌പൂരിൽ ഇറക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. എന്നാൽ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂർ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു.

വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതമാവുന്ന തരത്തിൽ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡൽ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡൽ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, വിമാനത്തിൽ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഫൈസൽ റിസ്‌വി പറഞ്ഞു. ലഭിച്ച വിവരങ്ങൾ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Similar Posts