< Back
India
തങ്ങളുടെ നേതാവിനെ തൊട്ടാൽ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി. എം.പി
India

തങ്ങളുടെ നേതാവിനെ തൊട്ടാൽ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി. എം.പി

Web Desk
|
6 Nov 2021 9:45 PM IST

'' കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡാ... മനീഷ് ഗ്രോവറിനെ ആരെങ്കിലും നോക്കാൻ ധൈര്യപ്പെട്ടാൽ, അവരുടെ കണ്ണുകൾ ഞങ്ങൾ ചൂഴ്‌ന്നെടുക്കും. ആരെങ്കിലും കയ്യുയർത്തിയാൽ അവ ഞങ്ങൾ വെട്ടിക്കളയും'' റോഹ്തകിലെ പൊതുവേദിയിൽ എം.പി പ്രസംഗിച്ചു

തങ്ങളുടെ നേതാവിനെ തൊട്ടു കളിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി. എം.പി. ഹരിയാനയിലെ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയോടും ഇതര പ്രവർത്തകരോടുമാണ് അരവിന്ദ് ശർമ എം.പി പൊതുസ്ഥലത്ത് നടത്തിയ പ്രസംഗത്തിൽ ഭീഷണി ഉയർത്തിയത്. '' കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡാ... മനീഷ് ഗ്രോവറിനെ ആരെങ്കിലും നോക്കാൻ ധൈര്യപ്പെട്ടാൽ, അവരുടെ കണ്ണുകൾ ഞങ്ങൾ ചൂഴ്‌ന്നെടുക്കും. ആരെങ്കിലും കയ്യുയർത്തിയാൽ അവ ഞങ്ങൾ വെട്ടിക്കളയും'' റോഹ്തകിലെ പൊതുവേദിയിൽ എം.പി പ്രസംഗിച്ചു. ബി.ജെ.പി ഭരണം തുടരുകയും കോൺഗ്രസ് ഈ സർക്കിളിൽ ചുറ്റിക്കളിക്കുകയേ ഉള്ളുവെന്നും എം.പി പരിഹസിച്ചു.

ഹരിയാനയിലെ മുൻമന്ത്രിയായ മനീഷ് ഗ്രോവറിനെയും മറ്റു നേതാക്കളെയും കർഷകർ തടഞ്ഞതിന്റെ പിറ്റേന്നാണ് എം.പിയുടെ വിവാദപ്രസംഗം. റോഹ്തക് ജില്ലയിൽ ഒരു ക്ഷേത്രത്തിൽ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് പ്രസംഗത്തിന്റെ പ്രദർശനം കാണാനെത്തിയ മനീഷ് ഗ്രോവറിനെ കർഷകർ തടയുകയായിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനായുള്ള അവരുടെ പ്രതിഷേധം ചെവികൊള്ളാത്തതിനെ തുടർന്നായിരുന്നു തടഞ്ഞുവെക്കൽ. ഇതോടെ കൂപ്പുകൈയോടെ ഗ്രോവർ പുറത്തിറങ്ങുകയായിരുന്നു. എന്നാൽ താൻ മാപ്പു പറഞ്ഞില്ലെന്നാണ് പിന്നീട് ഗ്രോവർ അവകാശപ്പെട്ടത്. ആന്ധ്രപ്രദേശിലെ ബി.ജെ.പി ഓർഗനൈസിങ് സെക്രട്ടറി രവീന്ദ്ര രാജു, റോഹ്തക് മേയർ മൻമോഹൻ ഗോയൽ, ബി.ജെ.പി ജില്ലാ മേധാവി അജയ് ബെൻസാൽ എന്നിവരടക്കമുള്ള നേതാക്കൾ കർഷകപ്രതിഷേധത്തിൽ അകപ്പെട്ടിരുന്നു.

ഹരിയാനയിൽ ബി.ജെ.പിയുടെയും സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടിയുടെയും നേതാക്കളെത്തുന്ന ചടങ്ങുകളിലെല്ലാം കർഷകർ സമരം നടത്തുകയാണ്. കഴിഞ്ഞ സെപ്തംബറിൽ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യതലത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമാണ് സംസ്ഥാനത്തെ പ്രതിഷേധം.



Similar Posts