< Back
India
പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: സുവേന്ദു അധികാരി
India

പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: സുവേന്ദു അധികാരി

റിഷാദ് അലി
|
12 Feb 2026 11:59 AM IST

ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുടനീളമുള്ള മുഗൾ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.

മമത ബാനർജി നയിക്കുന്ന ഭരണത്തിന് കീഴിൽ ബംഗാളിലെ പൊതുവിടങ്ങളിൽ ബാബർ പോലുള്ള 'വിദേശ അധിനിവേശക്കാരുടെ' പേരുകൾ തുടരുമെന്നും എന്നാല്‍ ബിജെപി അധികാരത്തില്‍ അങ്ങനെയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികരി വ്യക്തമാക്കി.

"ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം''- അദ്ദേഹം പറഞ്ഞു. ബാബറൊരു വിദേശ അധിനിവേശക്കാരനാണ്. ഹുമയൂൺ, ഔറംഗസീബ്, അക്ബർ, ഷാജഹാൻ എന്നിവരുൾപ്പെടെയുള്ള മുഗൾ ചക്രവർത്തിമാർ ഇന്ത്യയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളാണ്. ഇവർ നിർബന്ധിത മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

"ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ അവരുടെ പേരുകൾ എഴുതിയിരിക്കുന്നത്, അതൊക്കെ ബംഗാളിലെ ബിജെപി സർക്കാർ ഇല്ലാതാക്കും''- അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുർഷിദാബാദ് ജില്ലയിൽ 'ബാബരി മസ്ജിദ്' നിർമ്മിക്കുമെന്ന മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ പ്രസ്താവനയെത്തുടർന്ന് കബീറിനെ ടിഎംസിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം ജനതാ ഉന്നയൻ പാർട്ടി (ജെയുപി) എന്ന പുതിയ പാർട്ടി രൂപീകരിച്ചാണ് രംഗത്തുള്ളത്.

മുർഷിദാബാദിലെ ബാബരി മസ്ജിദ് പ്രഖ്യാപനത്തിലൂടെ സമാധാനാന്തരീക്ഷം തകർക്കാൻ കബീർ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച അധികാരി, അദ്ദേഹം അടുത്തിടെ ബംഗ്ലാദേശ് സന്ദർശിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Similar Posts