
ഗോൾപാറയിലെ സംഘർഷം: രാഹുൽ ഗാന്ധിയുടെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചോയെന്ന് പരിശോധിക്കും; അസം മുഖ്യമന്ത്രി
|കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും വേണ്ടിവന്നാല്‍ രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമിലെ ഗോൾപാറ ജില്ലയിലെ പൈകാൻ റിസർവ് വനത്തിലെ കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളില്‍ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
ഇവരുടെ പ്രസംഗങ്ങളാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും വേണ്ടിവന്നാല്‍ ഇരുവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും സമീപകാല സന്ദർശനവും പ്രസംഗവുമാണ് ഗോൾപാറ ജില്ലയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നേരിടാൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 21 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പ്രതിരോധിക്കാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു. ഇതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണ്.'- ഹിമന്ത പറഞ്ഞു.
അസമിൽ കയ്യേറ്റം നടത്തുന്നത് ഒരു വിഭാഗത്തിൽപ്പെട്ടയാളുകളാണെന്ന് ആവർത്തിച്ചും ഹിമന്ത ബിശ്വ ശർമ്മ രംഗത്ത് എത്തി. അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നത് തുടരുമെന്നും മണിപ്പൂരിൽ നിന്നുള്ള ആളുകൾ സംസ്ഥാനത്ത് ഭൂമി കൈയേറാൻ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. വനഭൂമി ഉൾപ്പെടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒഴിപ്പിക്കാൻ തന്റെ സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗോൾപാറയിൽ സംഘർഷത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.