
Photo| Special Arrangement
ബിഹാറിൽ അധികാരത്തിലെത്തിയാൽ വഖഫ് നിയമ ഭേദഗതി ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്
|ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമം നടത്തുന്നതായും തേജസ്വി യാദവ് ആരോപിച്ചു.
പട്ന: ബിഹാറിൽ അധികാരത്തിലെത്തിയാൽ വഖഫ് നിയമ ഭേദഗതി ചവറ്റുകുട്ടയിലെറിയുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. നിതീഷ് കുമാർ എപ്പോഴും ആർഎസ്എസുമായി സഖ്യം ഉണ്ടാക്കിയിരുന്നു. തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും വർഗീയശക്തികളുമായി സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കതിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു തേജസ്വി. ബിഹാറിൽ 20 വർഷമായി നിതീഷ് കുമാർ മുഖ്യമന്ത്രിയായി ഇരിക്കുന്നു. 11 വർഷമായി മോദി കേന്ദ്രം ഭരിക്കുന്നു. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അവർക്കായിട്ടില്ലെന്നും തേജസ്വി തുറന്നടിച്ചു.
ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമം നടത്തുന്നതായും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. ജൻസ്വരാജ് പാർട്ടി നേതാവ് പ്രശാന്ത് കിശോറിനെതിരെയും തേജസ്വി രംഗത്തെത്തി. സംസ്ഥാനത്ത് ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്ന വാഗ്ദാനവും തേജസ്വി മുന്നോട്ടുവച്ചു.
പഞ്ചായത്തുകളിലെയും ഗ്രാമ കോടതികളിലേയും പ്രതിനിധികൾ പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവർക്ക് പെൻഷൻ ലഭ്യമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ ആനുകൂല്യവും വർധിപ്പിക്കും- തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മൺപാത്ര നിർമാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ഉപജീവനമാർഗങ്ങൾ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിഹാർ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ആർജെഡി നേതാവ് വ്യക്തമാക്കി. മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി. നവംബർ ആറ്, 11 തിയതികളിലായി രണ്ട് ഘടങ്ങളായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 14നാണ് വോട്ടെണ്ണൽ.
ആർജെഡിക്കൊപ്പം കോൺഗ്രസ്, ഇടതുപാർട്ടികൾ, സഹാനിയുടെ വിഐപി എന്നിവയാണ് മഹാസഖ്യത്തിൽ അണിനിരക്കുന്നത്. അപ്പുറത്ത്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം ബിജെപി, ചിരാഗ് പാസ്വാന്റെ എൽജെപി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാസഖ്യം എൻഡിഎയെ പരിഹസിച്ചിരുന്നു.