< Back
India
രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ;  ഉഗ്രശപഥവുമായി ആരാധകന്‍
India

രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ; ഉഗ്രശപഥവുമായി ആരാധകന്‍

Web Desk
|
12 Sept 2022 11:01 AM IST

ഹരിയാന സ്വദേശിയായ പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കടുത്ത ശപഥമെടുത്തിരിക്കുന്നത്

കന്യാകുമാരി: കേന്ദ്രനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യാത്ര കേരളത്തിലെത്തിയത്. രണ്ടാം ദിനമായ ഇന്ന് വെള്ളായണിയില്‍ നിന്ന് പട്ടം വരെയാണ് യാത്രയുടെ ആദ്യഘട്ടം. രാഹുലിന്‍റെ പദയാത്രയിലുടനീളം ചെരിപ്പ് ധരിക്കാതെ നടക്കുന്ന ഒരു യുവാവ് കാഴ്ചക്കാരുടെ ശ്രദ്ധ നേടുകയാണ്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോയാത്രയില്‍ ചേര്‍ന്ന യുവാവ് കശ്മീര്‍ വരെ നഗ്നപാദനായി നടക്കുമെന്നാണ് പറയുന്നത്. ഹരിയാന സ്വദേശിയായ പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കടുത്ത ശപഥമെടുത്തിരിക്കുന്നത്.

വേഷഭൂഷാദികള്‍ കൊണ്ട് വ്യത്യസ്തനായ ഈ ചെറുപ്പക്കാരന്‍ കന്യാകുമാരി ബീച്ചില്‍ വെച്ചുതന്നെ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുല്‍ ഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലും ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം.

രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീര്‍ വരെ സഞ്ചരിക്കാനാണ് ദിനേശ് ശര്‍മയുടെ തീരുമാനം. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ ചെരുപ്പിടാതെ നടക്കാനാണ് ശര്‍മയുടെ തീരുമാനം. രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന ഉഗ്രശപഥവും ദിനേശ് എടുത്തിട്ടുണ്ട്. ടാറിട്ട റോഡിലെ പൊളളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്സും ഒക്കെയിട്ട് നടക്കുമ്പോഴാണ്, നഗ്നപാദനായി കിലോമീറ്ററുകള്‍ താണ്ടാനുളള ദിനേശ് ശര്‍മയുടെ തീരുമാനം.

Similar Posts